കുഞ്ഞനന്തന്റെ പരോളിനെച്ചൊല്ലി നിയമസഭയില്‍ തര്‍ക്കം

തിരുവനന്തപുരം: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പി.കെ. കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാനുള്ള നീക്കത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചട്ടങ്ങള്‍ മറികടന്ന് കൊലക്കേസ് പ്രതിക്ക് ശിക്ഷായിളവ് നല്‍കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പരോള്‍ പ്രതി പാര്‍ട്ടി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്നത് കേട്ട്കേള്‍വി ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എല്ലാ നിയമ സാധ്യതകളും പരിശോധിച്ച ശേഷം മാത്രം പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി പറഞ്ഞത്. കുഞ്ഞനന്തന് പരോള്‍ നല്‍കുന്ന കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകളോ രാഷ്ട്രീയ വിവേചനമോ കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

നാല് വര്‍ഷം തടവ് പിന്നിട്ട കുഞ്ഞനന്തന് 70 വയസു കഴിഞ്ഞുവെന്നും അസുഖങ്ങളുണ്ടെന്നും ചൂണ്ടിക്കാണിച്ച്‌ ഇളവിന്റെ പട്ടികയില്‍ പെടുത്താനാണ് ശ്രമം. ജയിലിലാണെങ്കിലും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ് കുഞ്ഞനന്തന്‍.ശിക്ഷാകാലയളവിനിടെ പല തവണയായി ഒരു വര്‍ഷത്തിലേറെ പരോള്‍ അനുവദിച്ചിരുന്നു. ഇത് ചട്ടലംഘനമാണെന്ന ആരോപണം നിലനില്‍ക്കെയാണ് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ നീക്കം നടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *