കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

വരയിലൂടെ ചിരിയെയും ചിന്തകളെയും സമന്വയിപ്പിച്ച മലയാളികളുടെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. 86 വയസായിരുന്നു. ബുധനാഴ്ച രാത്രി 10.45ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

1929ല്‍ കുട്ടനാട്ടിലെ വെളിയനാട്ട് വി ടി കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനായി ജനിച്ച ടോംസ് എന്ന അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വി ടി തോമസ് ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം ചെയ്ത ശേഷമാണ് വരയുടെ ലോകത്തേക്ക് എത്തിയത്. ടോംസിന്റെ അയല്‍വാസിയായ വക്കീലിന്റെ മക്കളാണ് ബോബനും മോളിയും. ഇവരെ മനസില്‍ കണ്ടായിരുന്നു 30–ാം വയസില്‍ ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം രൂപം നല്‍കിയത്. സത്യദീപം മാസികയിലൂടെ 1950 ലാണ് ബോബനെയും മോളിയേയും പരിചയപ്പെടുത്തുന്നത്. പിന്നീട് മനോരമ ആഴ്ചപ്പതിപ്പിലൂടെ 1957ല്‍ ഈ കഥാപാത്രങ്ങള്‍ പ്രശസ്തരായി. അദ്ദേഹം സ്വന്തം മകനും മകള്‍ക്കും ബോബന്‍, മോളി എന്ന് പേരിട്ടു. മനോരമ വാരികയിലൂടെ 40 വര്‍ഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു.

മനോരമയില്‍ നിന്ന് രാജിവച്ച ടോംസ് തന്റെ കാര്‍ട്ടൂണ്‍ പരമ്പര മറ്റൊരു പ്രസിദ്ധീകരണത്തിലൂടെ വരയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനെതിരെ, കാര്‍ട്ടൂണിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് കാണിച്ച് മനോരമ കോടതിയെ സമീപിച്ചു.മറ്റ് പ്രസിദ്ധീകരണങ്ങളില്‍ ടോംസ് ബോബനും മോളിയും വരയ്ക്കുന്നത് കോടതി താല്‍ക്കാലികമായി വിലക്കി. പില്‍ക്കാലത്ത് ടോംസിന് തന്നെ കാര്‍ട്ടൂണ്‍ പരമ്പരയുടെ ഉടമസ്ഥാവകാശം ഹൈക്കോടതി ഇടപെടലിലൂടെ തിരികെ ലഭിച്ചു.

കേരളത്തിലെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ തമാശകള്‍, ആനുകാലിക രാഷ്ട്രീയസാമൂഹിക സംഭവങ്ങള്‍ എന്നിവയാണ് ഈ കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ ടോംസ് വരച്ചുകാട്ടിയത്. ബോബനും മോളിയും കേന്ദ്രകഥാപാത്രങ്ങളാക്കി 1971 ല്‍ ശശികുമാറിന്റെ സംവിധാനത്തില്‍ സിനിമയും പുറത്തിറങ്ങി. 2006ല്‍ ക്യാറ്റ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം ബോബനും മോളിയും കഥകള്‍ ആനിമേഷന്‍ ചലച്ചിത്രങ്ങളായി നിര്‍മ്മിച്ചു. 200 കഥകളാണ് ആനിമേറ്റ് ചെയ്തത്. ബോബനും മോളിയും പുസ്തകരൂപത്തിലും പുറത്തിറങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *