കാസർകോട് അതിർത്തിയിൽ വാഹന പരിശോധനയിൽ ഇളവ് വരുത്തി കർണാടക

കാസര്‍കോട് അതിര്‍ത്തിയില്‍ വാഹന പരിശോധനയില്‍ കര്‍ണാടക ഇളവ് വരുത്തി. കോവിഡ് സർട്ടിഫിക്കറ്റ് പരിശോധിക്കാതെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇന്ന് മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് കർണാടക നേരത്തെ അറിയിച്ചിരുന്നു.

കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ദിവസേന പോയി വരാറുണ്ട്. അതിര്‍ത്തിയിലെ കര്‍ശനമായ പരിശോധന ആളുകളെ പ്രതിസന്ധിയിലാക്കുന്നത് കേരളത്തില്‍ തെരഞ്ഞെടുപ്പടുക്കുന്ന വേളയില്‍ ബി.ജെ.പിക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തി കര്‍ശന പരിശോധനയില്‍ ഇളവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പിക്ക് തെരഞ്ഞെടുപ്പു വേളയില്‍ മുതലെടുക്കാനുള്ള നല്ലൊരവസരം കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അതിര്‍ത്തി അടയ്ക്കുന്ന സന്ദര്‍ഭത്തില്‍ ബി.ജെ.പി നേതാക്കള്‍ ഇടപെടുകയും കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് അതിര്‍ത്തി തുറന്നു കൊടുക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയും ചെയ്തതാണ് ഈ ആക്ഷേപത്തിന് കാരണമായത്.

ഇന്ന് രാവിലെ മുതല്‍ തലപ്പാടിയില്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും വാഹനങ്ങള്‍ പരിശോധിക്കാതെയാണ് കടത്തിവിട്ടത്. ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *