കാസര്‍കോട് ബദിയഡുക്കയില്‍ രണ്ട് പിഞ്ചുകുട്ടികള്‍ കിണറ്റില്‍വീണ് മരിച്ചു. സഹോദരങ്ങളുടെ മക്കളായ ബദിയഡുക്ക പിലാങ്കട്ടയിലെ ഹമീദ് റിയാന ദമ്പതികളുടെ മകന്‍ റംസാന്‍ (4), ഹമീദിന്റെ സഹോദരന്‍ ശബീര്‍ നാഫിയ ദമ്പതികളുടെ മകന്‍ നസ്‌വാന്‍ (2) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 9.30 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്നു കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അയല്‍പക്കത്തുംമറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് വീട്ടുകിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്.

ആള്‍മറയുള്ള കിണറിന്റെ സമീപം കോണ്‍ക്രീറ്റ് ജെല്ലി കൂട്ടിവെച്ചിരുന്നു. ഇതുവഴിയായിരിക്കാം കുട്ടികള്‍ കിണറിന് മുകളില്‍ കയറിയതെന്ന് സംശയിക്കുന്നു. ബദിയടുക്ക മുള്ളേരിയ പിലാങ്കട്ട ഉബ്രങ്കള റോഡിന് സമീപമാണ് ഇവരുടെ വീട്.
വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തി കുട്ടികളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ബദിയഡുക്ക ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. നഫാനയാണ് റംസാന്റെ സഹോദരി. ബാവിക്കര പയസ്വിനി പുഴയില്‍ ബന്ധുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ച ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് പിഞ്ചുകുട്ടികളുടെ ആകസ്മിക മരണം നാടിനെ നടുക്കിയിരിക്കുകയാണ്.













