കാവ്യ മാധവനെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു


നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനേയും അമ്മ ശ്യാമളയേയും അന്വേഷണസംഘം ചോദ്യം ചെയ്തു. ദിലീപിലേക്ക് മാധ്യമങ്ങളുടെ ശ്രദ്ധ പതിഞ്ഞിരിക്കെ അതീവ രഹസ്യമായി ഇന്ന് രാവിലെ രഹസ്യ കേന്ദ്രത്തിലായിരുന്നു കാവ്യയുടെ ചോദ്യം ചെയ്യല്‍. മൂന്നര മണിക്കൂറോളം അന്വേഷണ സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനാല്‍ അന്വേഷണ സംഘത്തില്‍ തന്നെയുള്ള വനിത പോലീസ് അടക്കമുള്ള മറ്റൊരു വിഭാഗമാണ് കാവ്യയോട് ചോദ്യങ്ങള്‍ ചോദിച്ചത്.
എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ കൂടാതെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയും കാവ്യയോട് ചോദ്യങ്ങള്‍ ചോദിച്ചതായാണ് വിവരം. ദിലീപിന്റെ കസ്റ്റഡി കാലാവധി തീര്‍ന്ന് നാളെ രാവിലെ കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ കാവ്യയുടെയും ദിലീപിന്റെയും മൊഴികളിലെ വൈരുദ്ധ്യം തിരിച്ചറിയുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ഉദ്ദേശ്യം. ചോദ്യം ചെയ്യല്‍ വേളയില്‍ കാവ്യ പലതവണ പൊട്ടിക്കരഞ്ഞതായി ആണ് പുറത്തുവരുന്ന വിവരം. കാവ്യ മാധവന്റെ ഒരു അടുത്ത ബന്ധുവിനോട് അടുത്ത ദിവസം ഹാജരാകുവാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കാവ്യയുടേയും അമ്മയുടേയും മൊഴികള്‍ സൂക്ഷ്മമായി വിശകലനം ചെയ്തതിനുശേഷം അന്വേഷണ സംഘം തുടര്‍ നടപടികളിലേക്ക് കടക്കും.




Sharing is Caring