ആശുപത്രികള്‍ അടച്ചിടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് യുഎന്‍എ


വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരുടെ സമരം നേരിടാന്‍ ആശുപത്രികള്‍ അടച്ചിടുമെന്ന മാനേജ്‌മെന്റുകളുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ). ആശുപത്രികള്‍ അടച്ചിടുമെന്ന പ്രഖ്യാപനംകൊണ്ട് നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ കഴിയില്ല. ഒരു തരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്കും കീഴടങ്ങില്ലെന്നും നഴ്‌സുമാര്‍ ആവശ്യപ്പെട്ട ന്യായമായ ശന്പള വര്‍ധനവ് ലഭിക്കുന്നത് വരെ സമരം തുടരുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു.
നഴ്‌സുമാരുടെ സമരം നേരിടാന്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റുകള്‍ പ്രഖ്യാപിച്ചതോടെ ഇവ കച്ചവട സ്ഥാപനങ്ങളാണെന്ന യുഎന്‍എയുടെ വാദം ബലപ്പെട്ടിരിക്കുകയാണ്. ആശുപത്രികള്‍ അടച്ചിടുമെന്ന പ്രഖ്യാപനം ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലെന്നതിന് തെളിവാണ്. സമരത്തെ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ സേവനത്തിന് നഴ്‌സുമാര്‍ തയാറാണെന്നും യുഎന്‍എ അറിയിച്ചു.
തിങ്കളാഴ്ച മുതല്‍ സമരം ശക്തമാക്കുമെന്നും യുഎന്‍എ പ്രതിനിധികള്‍ വ്യക്തമാക്കി. തിങ്കളാഴ്ച നഴ്‌സുമാര്‍ സെക്രട്ടറിയേറ്റ് വളയും. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ നഴ്‌സുമാര്‍ സമരമുഖത്തുണ്ടാവുമെന്നും തുച്ഛമായ ശന്പളത്തിന് ഇനി ജോലി ചെയ്യാന്‍ കഴിയില്ലെന്നും യുഎന്‍എ പ്രതിനിധികള്‍ പറഞ്ഞു.




Sharing is Caring