കാലിത്തീറ്റ കുംഭകോണം: ലാലുവിന് ഏഴുവര്‍ഷം തടവ്

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലും കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ലാലു 30 ലക്ഷം രൂപ പിഴയും അടയ്ക്കണം. ജാര്‍ഖണ്ഡിലെ ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് സിബിഐ കോടതിയുടെ വിധി. ലാലുവിനും മിശ്രയ്ക്കും പുറമെ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും ഐ.എ.എസ് ഉദ്യോഗസ്ഥരും അനിമല്‍ ഹസ്ബന്‍ഡറി ഉദ്യോഗസ്ഥരുമടക്കം 29 പേര്‍ കേസില്‍ പ്രതികളായിരുന്നു. എന്നാല്‍,​ മിശ്ര അടക്കം 12 പേരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

1995- 96 ല്‍ ഡുംക ട്രഷറിയില്‍ വ്യാജബില്ലുകള്‍ ഹാജരാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതിന് 48 പേര്‍ക്കെതിരെയാണ് കുറ്റപത്രം തയാറാക്കിയിരുന്നത്. കാലിത്തീറ്റയുമായി ബന്ധപ്പെട്ട് ആകെയുള്ള ആറുകേസുകളില്‍ മൂന്നെണ്ണത്തിന്റെ വിധി നേരത്തെ വന്നിരുന്നു. ചൈബാസ ട്രഷറിയില്‍ നിന്ന് ആദ്യത്തെതവണ 37.7 കോടി രൂപയും പിന്നീട് 37.62 കോടി രൂപയും ഡിയോഗഡ് ട്രഷറിയില്‍ നിന്ന് 89.27 കോടിരൂപയും പിന്‍വലിച്ച കേസുകളില്‍ ലാലുപ്രസാദ് ഇപ്പോള്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. 2013ല്‍ ആദ്യകേസിന് ലാലുവിന് അഞ്ചരവര്‍ഷവും 2017 ല്‍ രണ്ടാംകേസിന് മൂന്ന് വര്‍ഷവും 2018ല്‍ മൂന്നാംകേസിന് മൂന്നര വര്‍ഷവുമായിരുന്നു ലാലുവിന്റെ തടവുശിക്ഷ. റാഞ്ചിലെ ഡോറണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ അഴിമതിക്കേസ് കോടതിയുടെ പരിഗണനയിലാണ്.

ബീഹാര്‍ വിഭജനത്തിന് മുമ്ബ് 1990 ല്‍ സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ നിന്നായി കാലിത്തീറ്റയുടെ പേരില്‍ വ്യാജ രേഖകള്‍ കാണിച്ച്‌ തട്ടിയെടുത്ത ആകെ 900 കോടി രൂപയുടെ അഴിമതിയാണ് ലാലുവിന്റെ പേരിലുള്ളത്. ആര്‍.ജെ.ഡിയായിരുന്നു അഴിമതി നടന്ന സമയത്ത് സംസ്ഥാനം ഭരിച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *