കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം- ചെന്നിത്തല


തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിഞ്ചോല മലയില്‍ കെട്ടിയ തടയണകളാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തടയണകള്‍ കെട്ടാന്‍ ആരാണ് അനുമതി നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിയസഭയില്‍ നടത്തിയ പ്രതിഷേധത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


കാലവര്‍ഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ക്കു കാരണം അനധികൃതമായി കെട്ടിയ തടയണകളാണ്. പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് തൊട്ടടുത്ത് ഉരുള്‍പൊട്ടലുണ്ടായി. സംഭവം മാധ്യമങ്ങള്‍ പുറത്തുവിട്ടതിനു ശേഷമാണ് ഇതിന് സ്റ്റോപ് മെമ്മോ നല്‍കാന്‍ തയ്യാറായത്. റവന്യു മന്ത്രി ഇതു സംബന്ധിച്ച്‌ പ്രതികരിച്ചിട്ടേയില്ല. പി.വി അന്‍വര്‍ എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.


സംസ്ഥാനത്ത് ദുരന്തനിവാരണ സേന ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ ദുരന്ത നിവാരണ സേന ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. തൃശ്ശൂരില്‍നിന്ന് കോഴിക്കോട് എത്തിച്ചേരാന്‍ നാലു മണിക്കൂര്‍ സമയമാണ് ദുരന്തനിവാരണ സേനക്ക് വേണ്ടിവന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള താല്‍പര്യമില്ലായ്മയുടെ ഉദാഹരണമാണ് മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാതിരുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കാലവര്‍ഷക്കെടുതിയില്‍ വയനാട് ജില്ല ഒറ്റപ്പെട്ടിരിക്കുകയാണ്. കുറ്റ്യാടി വഴിയാണ് ജനങ്ങള്‍ വയനാട്ടിലേക്ക് യാത്രചെയ്യുന്നത്. കാലവര്‍ഷക്കെടുതിയില്‍ സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കാനോ ധനസഹായം നല്‍കാനോ കഴിസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കാലവര്‍ഷക്കെടുതികള്‍ രൂക്ഷമായ ഏഴു ജില്ലകളിലും സര്‍ക്കാര്‍ ഒരു സഹായവും ചെയ്തിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് ഭക്ഷണമില്ലെന്നും ചെന്നിത്തല പറഞ്ഞു. ദുരിതം നേരിടുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്നതുകൊണ്ടാണ് സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച്‌ അഞ്ചംഗസമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Sharing is Caring