കാര്‍ത്തി ചിദംബരത്തെ കുടുക്കിയത് ഇന്ദ്രാണി മുഖര്‍ജി


ന്യൂഡല്‍ഹി:ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി ചി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റു ചെയ്യാന്‍ നിര്‍ണ്ണായകമായ മൊഴി നല്‍കിയത് ഷീന ബോറ കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി. ഐഎന്‍എക്‌സ് മീഡിയയക്ക് എഫ് ഐ പി ബിയുടെ അംഗീകാരം ലഭിക്കാന്‍ കാര്‍ത്തി ചിദംബരം കോഴ വാങ്ങിയെന്നുള്ളത് ഇന്ദ്രാണി മുഖര്‍ജിയാണ് വെളിപ്പെടുത്തിയത്. ഐഎന്‍എക്‌സ് മീഡിയയുടെ അന്നത്തെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ഇന്ദ്രാണി മുഖര്‍ജി.


തങ്ങളുമായി കാര്‍ത്തിക്ക് ഒരു മില്യണ്‍ ഡോളറിന്റെ ഇടപാടുണ്ടായിരുന്നുവെന്നാണ് ഇന്ദ്രാണി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാര്‍ത്തിയെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ പറഞ്ഞു. കാര്‍ത്തിയെ ബിസിനസില്‍ സഹായിക്കാന്‍ ഇന്ദ്രാണിയോടും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയോടും പി.ചിദംബരം ആവശ്യപ്പെട്ടിരുന്നതായും സിബിഐ വ്യക്തമാക്കി.


ക്രിമിനല്‍ ഗൂഡാലോചന, വഞ്ചനാക്കുറ്റം, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. കാര്‍ത്തി ചിദംബരം, ഇന്ദ്രാണി മുഖര്‍ജി, പ്രീതം മുഖര്‍ജി, ചെസ് മാനേജ്മന്റെ് സര്‍വീസസ് , അഡ്വാന്‍േറജ് സ്ട്രാറ്റജിക് കണ്‍സല്‍ട്ടന്‍സി ഡയറക്ടര്‍ പത്മ വിശ്വനാഥന്‍ തുടങ്ങിയവരും പേരറിയാത്ത ചില ധനമന്ത്രാലയ ഉദ്യോഗസ്ഥരുമാണ് കേസിലെ പ്രതികള്‍.

മകനെ കേസില്‍ കുടുക്കി ബിജെപി തന്നെയാണ് ലക്ഷ്യംവെയ്ക്കുന്നതെന്ന് പി.ചിദംബരം സുപ്രീംകോടതിയില്‍ പരാതി നല്‍കിയിരുന്നു. അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് സ്റ്റേ ചെയ്യണമെന്ന ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.



Sharing is Caring