കാര്‍ത്തി ചിദംബരത്തിന് ജാമ്യമില്ല


ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത,​ മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. ഈ മാസം 24 വരെ കാര്‍ത്തിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കാര്‍ത്തി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് സി.ബി.​ഐ കോടതിയെ അറിയിച്ചു. കൂടുതല്‍ചോദ്യം ചെയ്യലിനായി 15 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും സി.ബിഐ ആവശ്യപ്പെട്ടു. എന്നാല്‍ 12 ദിവസത്തെ കസ്റ്റഡി മാത്രമെ കോടതി അനുവദിച്ചുള്ളൂ.


കേസില്‍ കാര്‍ത്തിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് സി.ബി.ഐ പറഞ്ഞു. പണം തിരിമറി നടത്തിയതിന് തെളിവുകളുള്ളതിനാല്‍ കാര്‍ത്തിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് സി.ബി.ഐയുടെ അഭിഭാഷകന്‍ പറഞ്ഞു.


പ്രത്യേക സെല്‍ വേണമെന്ന് കാര്‍ത്തി
അതേസമയം,​ തീഹാറിലെ ജയിലില്‍ പ്രത്യേക സെല്‍ അനുവദിക്കണമെന്ന് കാര്‍ത്തിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകനാണ് കാര്‍ത്തിയെന്നും ചിദംബരത്തിന്റെ കാലത്ത് നിരവധി തീവ്രവാദികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിനാല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. അതിനാല്‍,​ കാര്‍ത്തിക്ക് പ്രത്യേക കുളിമുറിയും അനുവദിക്കണം. സാധാരണ ക്രിമിനലുകളെ പോലെ കാര്‍ത്തിയെ കാണരുതെന്നും അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു.



Sharing is Caring