കാര്‍ത്തി ചിദംബരം ഇന്ന് സി.ബി.ഐക്കു മുന്നില്‍ ഹാജരാവും


മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവും.


സി.ബി.ഐക്കു മുന്നില്‍ ഹാജരാവാന്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സി.ബി.ഐ ആസ്ഥാനത്ത് അഭിഭാഷകനൊപ്പം ഹാജരാകണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. എന്നാല്‍, കാര്‍ത്തിയെ ചോദ്യം ചെയ്യുന്ന മുറിയില്‍ അഭിഭാഷകന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.


കേസ് ഓഗസ്റ്റ് 28 ന് വീണ്ടും പരിഗണിക്കും. കാര്‍ത്തി ചിദംബരത്തിന് വിദേശയാത്ര നടത്താന്‍ മദ്രാസ് ഹൈക്കോടതി നല്‍കിയ അനുമതി സുപ്രിം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. കാര്‍ത്തിക്കെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലര്‍ മരവിപ്പിച്ച ഹൈക്കോടതി വിധിയും സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു.

ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് വഴി മാധ്യമ സ്ഥാപനത്തിന് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് സി.ബി.ഐ കേസ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കാര്‍ത്തിയുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ റെയ്ഡുകള്‍ നടന്നിരുന്നു.



Sharing is Caring