കാന്‍സറിനെയും തോല്‍പ്പിച്ച് സിരിഷ നേടിയത്‌ സി.ബി.എസ്.ഇ പരീക്ഷയില്‍ 97.4% മാര്‍ക്ക്

ചണ്ഡിഗഢ്: മാരകമായ കാന്‍സറിനും ന്യൂറോ രോഗത്തിനും ഒരുമിച്ച്‌ നോക്കിയിട്ടും സിരിഷയെ തോല്‍പ്പിക്കാനായില്ല. ഇത്തവണത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ സിരിഷ മേത്താനി (16) 97.4% മാര്‍ക്ക് നേടിയാണ് ഉജ്വല വിജയം കരസ്ഥമാക്കിയത്. തന്റെ ആരോഗ്യനില ഒട്ടും പരിഗണിക്കാതെ വാശിയോടെ പഠിച്ച സിരിഷയ്ക്കു മുന്നില്‍ രോഗങ്ങള്‍ കീഴടങ്ങി. ചണ്ഡിഗഢ് സേക്രട്ട് ഹാര്‍ട്ട് സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സിരിഷ.ഹരിയാന സര്‍ക്കാരിലെ മുഖ്യ ടൗണ്‍ പ്ലാനര്‍ ആയ നരേഷ് മേത്താനിയുടെ മകളാണ് സിരിഷ. മകള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ സ്‌കൂള്‍, പിജിഐ ആശുപത്രി അധികൃതര്‍ക്കാണ് നന്ദി പറയുന്നതെന്ന് നരേഷ് പറഞ്ഞു.

സയന്‍സിന് 100 മാര്‍ക്ക് നേടിയ സിരിഷയ്ക്ക് സാമൂഹ്യ ശാസ്ത്രത്തിന് മാര്‍ക്ക് കുറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് അവധിയെടുത്തതാണ് ഇതിനു കാരണം. വളരെയേറെ കഷ്ടപ്പെട്ടാണ് ക്ലാസില്‍ ഇരുന്നത്. ദിവസവും ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രമാണ് ക്ലാസിലിരിക്കാന്‍ കഴിഞ്ഞത്. സ്‌കൂളിന് പുറത്ത് അമ്മ കാത്തുനില്‍ക്കും. അവളുടെ വിജയത്തില്‍ ഏറെ അഭിമാനിക്കുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിഷ പറഞ്ഞു.ഡോക്ടര്‍ ആകണമെന്നാണ് സിരിഷയുടെ ആഗ്രഹം. അതിനു വേണ്ടി പ്ലസ് ടുവില്‍ സയന്‍സ് തെരഞ്ഞെടുത്ത് പഠിക്കുമെന്നും സിരിഷ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *