വിവാദമായ അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി കൈമാറ്റക്കേസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ ത്വരിത പരിശോധന നടത്താന്‍ തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. സംഭവത്തില്‍ കാന്തപുരത്തിനുള്ള പങ്ക് അന്വേഷിക്കണമെന്നും കോടതി കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയോടാവശ്യപ്പെട്ടു. അന്വേഷണത്തിന് ശേഷമാണ് കാന്തപുരത്തെ പ്രതിയാക്കണോ എന്ന് തീരുമാനിക്കുക.അഞ്ചരക്കണ്ടിയിലെ 300 ഏക്കര്‍ തോട്ടം കാരന്തൂര്‍ മര്‍ക്കസ് വാങ്ങിയശേഷം പഴയങ്ങാടി സ്വദേശി അബ്ദുള്‍ ജബ്ബാറിന് കൈമാറി. വാങ്ങിയ ആള്‍ ഇത് മുറിച്ച് മാറ്റി അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിച്ചു. ഇതിനുള്ള പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നതാണ് കാന്തപുരത്തിനെതിരെയുള്ള കേസ്. എന്നാല്‍ കോടതി ഉത്തരവില്‍ കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
സുരേഷ് മൈക്കിള്‍, നിര്‍മല മൈക്കിള്‍ എന്നിവരില്‍നിന്ന് കറപ്പത്തോട്ടം കാരന്തൂര്‍ മര്‍ക്കസ്സിന് കൈമാറുമ്പോള്‍ അത് തോട്ടമെന്ന നിലയില്‍ത്തന്നെയാണ് രജിസ്റ്റര്‍ചെയ്തത്. ഒരുതരത്തിലും മുറിച്ചുവില്ക്കാനോ സ്ഥാപനങ്ങള്‍ പണിയാനോ നിയമപ്രകാരം ഇവിടെ പാടില്ല.













