‘കാത്തിരിപ്പിനൊടുവില്‍ നായാട്ട് കണ്ടു’; നെറ്റ്ഫ്‌ലിക്‌സില്‍ സിനിമ കണ്ട് കുഞ്ചാക്കോ

കാത്തിരിപ്പിനൊടുവില്‍ നായാട്ട് കാണാനായെന്ന് കുഞ്ചാക്കോ ബോബന്‍. ചിത്രം തിയറ്ററില്‍ കാണാനാവാത്ത ചാക്കോച്ചന്‍ ഇന്നലെ നെറ്റ്ഫ്‌ലിക്‌സിലാണ് സിനിമ കണ്ടത്. കൊവിഡ് വ്യാപനത്താല്‍ തിയറ്ററുകള്‍ അടക്കേണ്ടി വന്നപ്പോള്‍ നായാട്ടിന്റെ പ്രദർശനം നിര്‍ത്തി വെച്ചിരുന്നു. അതിനാല്‍ നിരവധി പേര്‍ക്ക് സിനിമ കാണാനായിരുന്നില്ല. അതിന് പരിഹാരമായി ഇനി സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ കാണാവുന്നതാണ്. ഇന്ന് പുലര്‍ച്ച 12 മണിയോടെ ചിത്രം സ്ട്രീമിങ്ങ് ആരംഭിച്ചു.

ചിത്രത്തിലെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഫേസ്ബുക്ക് പോസ്റ്റിലൂടെ ചാക്കോച്ചന്‍ നന്ദി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരിക്കുമെന്നും ചാക്കോച്ചന്‍ വ്യക്തമാക്കി.

ഏപ്രില്‍ എട്ടിനാണ് നായാട്ട് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മഞ്ജു വാര്യര്‍ ഉള്‍പ്പടെ സിനിമ മേഖലയില്‍ നിന്ന് നിരവധിപേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ജോസഫിലൂടെ ശ്രദ്ധേയനായ ഷാഫി കബീറാണ് നായാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജിനും നിമിഷ സജയനുമൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *