കാണ്‍പൂര്‍ ട്രെയിന്‍ അപകടം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍


കാണ്‍പൂരില്‍ 150 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അട്ടിമറിയുടെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റ് ഷംസുല്‍ ഹൂഡയാണ് അറസ്റ്റിലായത്. ദുബായില്‍ നിന്ന് നാടുകടത്തിയതിനു പിന്നാലെ നേപ്പാളില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പോലീസ് .


കൊടും കുറ്റവാളിയായ ഇയാള്‍ പിടിയിലായതോടെ പല കേസുകളിലും നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റ പ്രതീക്ഷ.


ഒക്ടോബര്‍ ഒന്നിനു മോത്തിഹാരിയിലെ ഘോരസഹനില്‍ ബോംബ് സ്ഥാപിച്ചു ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിനു പിടിയിലായ മോട്ടി പാസ്വാന്‍, ഉമാ ശങ്കര്‍ പട്ടേല്‍, മുകേഷ് യാദവ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഷംസുല്‍ ഹൂഡെയുടെ പങ്കിനെ കുറിച്ച് നിര്‍ണ്ണായക വിവരം ലഭിച്ചത്.അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുള്ള ഐഎസ്ഐ ഏജന്റാണു ഷംസുല്‍ എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ നവംബര്‍ 20നു പുലര്‍ച്ചെ 3.10നായിരുന്നു കാണ്‍പൂര്‍ ട്രെയിന്‍ അപകടം. പട്‌നയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. പാളത്തിലെ വിള്ളലാണ് അപകടകാരണമെന്നായിരുന്നു എന്‍ഐഎ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.



Sharing is Caring