കാഞ്ഞങ്ങാട്ട് പതിനാറര പവന്‍ സ്വര്‍ണവും പതിനേഴായിരം രൂപയും കവര്‍ന്നു

കാഞ്ഞങ്ങാട്: വൃദ്ധകളായ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നു പതിനാറര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പതിനേഴായിരം രൂപയും കവര്‍ച്ച ചെയ്തു. കാഞ്ഞങ്ങാട് ആര്‍.ഡി ഒ ഓഫിസിന് പിറകിലെ പരേതനായ ഡോക്ടര്‍ സീതാരാമയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനും പുലര്‍ച്ചെ മൂന്നു മണിക്കുമിടയിലാണ് കവര്‍ച്ച നടന്നതെന്നാണ് പൊലിസിന്റെ നിഗമനം. ഹൊസ്ദുര്‍ഗ് പോലിസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയകാല വീട്ടിലാണ് സംഭവം നടന്നത്.

വീടിന്റെ ഓടിളക്കി അകത്തുകടന്ന മോഷ്ടാക്കള്‍ പൂജാമുറിയിലെ ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് കവര്‍ച്ച ചെയ്തത്. വീട്ടിനുള്ളിലെ അലമാര ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. പൂജാമുറിയില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഇരുമ്പുപെട്ടിയില്‍ ഭദ്രമായി അടച്ചുവെച്ച സ്വര്‍ണ്ണവും പണവുമാണ് മോഷ്ടാക്കള്‍ കൈക്കലാക്കിയത്. അലമാര കുത്തിത്തുറന്ന് പരിശോധിച്ചുവെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി സൂചനയില്ല.

അലമാരയിലുള്ള വസ്ത്രങ്ങളും മറ്റു വസ്തുക്കളും വാരി വലിച്ചിട്ട നിലയിലാണ്. ഇന്നലെ രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടത്. സീതാരാമയുടെ മക്കളായ സുമന, വിജയലക്ഷ്മി, വാസന്തിദേവി, ഇവരുടെ സഹായി പൊന്നമ്മ എന്നിവരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. വീടിനെക്കുറിച്ച് അടുത്തറിയുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലിസ് സംശയിക്കുന്നത്. വീടിന്റെ ചായ്പ്പിലൂടെ മുകളില്‍ കയറി ഓടിളക്കിക്കിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.സംഭവമറിഞ്ഞ് ഹൊസ്ദുര്‍ഗ് സി.ഐ. സി.കെ.സുനില്‍കുമാര്‍, എസ്.ഐ. സന്തോഷ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും മോഷണം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.

കാസര്‍കോട് നിന്നെത്തിയ പൊലീസ് നായ റൂമി കവര്‍ച്ച നടന്ന പൂജാമുറിയും മറ്റും പരിശോധിച്ചു. തുടര്‍ന്ന് വീടിന് ചുറ്റും നിരീക്ഷണം നടത്തിയ റൂമി വീട്ടുപരിസരത്ത് തന്നെ നിലയുറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴ കവര്‍ച്ചക്കാര്‍ ഫലപ്രദമായി ഉപയോഗിച്ചതായാണ് പൊലിസ് നിഗമനം. പൊലിസ് നായ റൂമി വീട്ടുപരിസരത്ത് തന്നെ നിലയുറപ്പിച്ചത് കവര്‍ച്ചക്ക് ശേഷം കള്ളന്‍ തിരിച്ചുപോയതിന്റെ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണെന്നാണ് പൊലിസ് പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *