കശ്മീര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; ഇന്ത്യ-പാക് ഡിജിഎംഒമാര്‍ ഫോണില്‍ ചര്‍ച്ച നടത്തി


ഇന്ത്യയുടെയും പാകിസ്താന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഉദ്യോഗസ്ഥര്‍ തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. കശ്മീര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. നിയന്ത്രണരേഖയില്‍ പാകിസ്താന്റെ ആക്രമണത്തിന് ഉചിതമായ സമയത്ത് തിരിച്ചടിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്ന് ഡിജിഎംഒ ലഫ്. ജന. എ.കെ.ഭട്ട് പാക്ക് ഡിജിഎംഒ മേജര്‍ ജന.സഹീര്‍ ഷംസദ് മിര്‍സയെ അറിയിച്ചു.


സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പാകിസ്താന്റെ ഭാഗത്തുനിന്ന് അതിന് യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണമെന്നും ലഫ്. ജന. ഭട്ട് പാക്ക് ഡിജിഎംഒയോട് പറഞ്ഞു. ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് പാക്ക് സേന സഹായം നല്‍കുന്നത് അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തിന് ഭംഗം വരുത്തുന്നതായും അദ്ദേഹം അറിയിച്ചു.


അതേസമയം ജമ്മു, സാംബ ജില്ലകളിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പാകിസ്താന്‍ ഷെല്ലാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് 727 ഗ്രാമീണരെ പൊലീസ് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. പാക്ക് ഷെല്ലാക്രമണത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു.



Sharing is Caring