കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; ഗൗരവമേറിയതെന്ന് റവന്യുമന്ത്രി, കളക്ടറോട് റിപ്പോര്‍ട്ട് തേടി


കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


നികുതി സ്വീകരിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കാവില്‍പുരയിടം താഴത്തങ്ങാടി ജോയി, ചെമ്പനോട വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ചത്.


ബുധനാഴ്ച രാത്രിയാണ് സംഭവം. വില്ലേജ് ഓഫിസ് അധികൃതരാണ് കുറ്റക്കാരെന്ന് മരിച്ച ജോയിയുടെ സഹോദരന്‍ ജോണി ആരോപിച്ചിരുന്നു.

പട്ടയത്തിനായി ഇയാള്‍ പലതവണ വില്ലേജ് ഓഫിസിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ വില്ലേജ് ഓഫിസിനു മുമ്പില്‍ ഒരു തവണ നിരാഹാരമിരുന്നിരുന്നു.



Sharing is Caring