കര്‍ണാടകയിലെ ഏകാംഗ സര്‍ക്കാര്‍: സുപ്രീകോടതിയുടെ വാക്കിന് കാതോര്‍ത്ത് യെദിയൂരപ്പ സര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഏകാംഗ സര്‍ക്കാരിനു ദീര്‍ഘായുസ് ഉണ്ടോയെന്ന കാര്യത്തില്‍ അവസാനവാക്ക് സുപ്രീകോടതിയുടേത്. ഇന്ന് ഉച്ചയോടു കൂടി സുപ്രീകോടതിയുടെ തീരുമാനം അറിയിക്കും.ബി.എസ്.യെദിയൂരപ്പ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി എന്തു നിലപാട് എടുക്കുമെന്ന് രാജ്യം കാതോര്‍ത്തിരിക്കുകയാണ്.മന്ത്രിസഭ ഉണ്ടാക്കാന്‍ അവകാശമുന്നയിച്ചു ഗവര്‍ണര്‍ക്ക് യെദിയൂരപ്പ നല്‍കിയ കത്തുകള്‍ രാവിലെ 10.30ന് കോടതി പരിശോധിക്കും. യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വിളിച്ചതു ശരിയായോ എന്ന് അതിനുശേഷം തീരുമാനിക്കും.

സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ ഇന്നലെ പുലര്‍ച്ചെ 5.30ന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞയും മന്ത്രിസഭാ രൂപീകരണവും കോടതി വിധിക്കു വിധേയമായിരിക്കുമെന്നു പാതിരാത്രിക്കു ശേഷം കേസ് വാദം കേട്ട മൂന്നംഗ സുപ്രീംകോടതി ബെഞ്ച് പറഞ്ഞിരുന്നു. മൂന്നംഗ ബെഞ്ച് രൂപീകരിച്ച്‌ ചീഫ് ജസ്റ്റീസ് ഉത്തരവിറക്കിയതും, കേസ് വിചാരണ രാത്രി തന്നെ നടത്താന്‍ നിര്‍ദേശിച്ചതും ഇന്നലെ രാത്രിയാണ്. ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റീസുമാരായ അശോക് ഭൂഷണും എസ്.എ.ബോബ്‌ഡെയുമാണ് ഉണ്ടായിരുന്നത്.

ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല ക്ഷണിച്ചതിനെ എതിര്‍ത്തു കൊണ്ടാണു കര്‍ണാടക പ്രദേശ് കമ്മിറ്റി അധ്യക്ഷന്‍ പരമേശ്വരയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് എച്ച്‌. ഡി കുമാരസ്വാമിയും ഇന്നലെ അര്‍ധരാത്രിയോടെ സുപ്രീംകോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് സംഘം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ സമീപിച്ച്‌ പരാതി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനം റദ്ദാക്കണമെന്നാണ് പരാതിക്കാര്‍ പ്രധാനമായും ആവശ്യപ്പട്ടത്. ക്ഷണം ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണെന്നും, ഭരണഘടനാവിരുദ്ധവും നിയമ വിരുദ്ധവുമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *