കര്‍ണാടകത്തില്‍ ബിജെപി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന്

ബംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ . ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് നേരത്തെ യെദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതുപ്രകാരമുള്ള ചര്‍ച്ചകളാണ് കൂടിക്കാഴ്ചയില്‍ ഉണ്ടായത്. തിങ്കളാഴ്ച യെദ്യൂരപ്പ വിശ്വാസവോട്ട് തേടുമെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി എംഎല്‍എമാരുടെ കാര്യത്തില്‍ ഉറപ്പുണ്ടെന്നും കേവലഭൂരിപക്ഷം നേടാനാവുമെന്നതില്‍ ആശങ്ക വേണ്ടെന്നുമാണ് ദേശീയനേതാക്കളെ കര്‍ണാടക നേതൃത്വം അറിയിച്ചിരിക്കുന്നത്.

ആഴ്ചകള്‍ നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ചേര്‍ന്ന് രൂപീകരിച്ച കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിച്ചത്. കോണ്‍ഗ്രസിലേയും ജെഡിഎസിലേയും ചേര്‍ത്ത് 16 എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. തുടര്‍ന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴി തെളിഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *