കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അഡ്‌മിനിസ്ട്രേറ്ററെ മാറ്റി, പകരം ചുമതല മൂന്നംഗ സമിതിക്ക്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് എം സി അജിത്തിനെ മാറ്റി. മൂന്നംഗ സമിതിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. ഭരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ മാറ്റമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
അതിനിടെ, കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് പൊലീസ് മനഃപൂര്‍വം വൈകിപ്പിക്കുന്നു എന്ന ആരോപണവുമായി ബി ജെ പിയും കോണ്‍ഗ്രസും രംഗത്തെത്തി. സി പി എമ്മിന്റെ ഒത്താശയോടെ ക്രൈംബ്രാഞ്ച് പ്രതികളെ മൊഴി പഠിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ആറുദിവസം മുമ്ബാണ് നാലുപ്രതികളെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാരാണ് പ്രതികളുടെ ഒളിസങ്കേതം പൊലീസിന് കാട്ടിക്കൊടുത്തത്. എന്നാല്‍ പ്രതികളാരും കസ്റ്റഡിയില്‍ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് കേസന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്.

എന്നാല്‍ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നാണ് സി പി എം വ്യക്തമാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ബാങ്ക് രേഖകള്‍ പരിശോധിച്ചുവരികയാണെന്നും അതിനുശേഷമേ അറസ്റ്റിലേക്ക് നീങ്ങൂ എന്നുമാണ് പാര്‍ട്ടി പറയുന്നത്. വര്‍ഷങ്ങളായി സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കില്‍ മുന്നൂറുകോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *