കന്നഡ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കേരള വിരുദ്ധത കത്തിപ്പടരുന്നു

ജില്ലയിലെ കന്നഡ ഭാഷാ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയതിനു പിന്നാലെ കന്നട ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കേരള വിരുദ്ധത കത്തിപ്പടരുന്നു. മലയാളം നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 12ന് കര്‍ണാടക ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ന് കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ അതിര്‍ത്തി ബന്ദ് നടത്തും. കര്‍ണാടക സംരക്ഷണ വേദികെ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് അതിര്‍ത്തി ബന്ദ് നടത്തുന്നത്.

രാവിലെ 10 മുതല്‍ തലപ്പാടിയില്‍ വാഹനങ്ങള്‍ തടയാനാണു സമരക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്കുള്ള വാഹന നീക്കം ഇന്നു പൂര്‍ണമായും നിലക്കും. അതിര്‍ത്തി ബന്ദ് കണക്കിലെടുത്ത് കേരള, കര്‍ണാടക പൊലിസുകള്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കേരള സര്‍ക്കാരിനെതിരേ വ്യാഴാഴ്ച പ്രതിഷേധ റാലിയും സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 8.30ന് ഉഡുപ്പി ക്ലോക്ക് ടവറിനടുത്തു നിന്നു തലപ്പാടി വരെ പ്രതിഷേധ മാര്‍ച്ച് നടക്കും. തുടര്‍ന്നു തലപ്പാടിയില്‍ വാഹനങ്ങള്‍ തടയും. 11.30നു മംഗളൂരു നെഹ്‌റു മൈതാനിയില്‍ പ്രതിഷേധ പൊതുയോഗം നടക്കും. തലപ്പാടിയില്‍ നടത്തുന്ന അതിര്‍ത്തി ബന്ദ് കേരള-കര്‍ണാടക ബസ് സര്‍വീസുകളെയും ബാധിക്കും.

മംഗളൂരുവില്‍ നിന്നു കാസര്‍കോട്ടേക്കും തിരിച്ചുമുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വിസും ഇന്നുണ്ടാകില്ല.
അതേസമയം, ബന്ദിന്റെ മറവില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും പൊലിസ് രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല. ബന്ദിനോടനുബന്ധിച്ചുള്ള പ്രതിഷേധ പരിപാടികള്‍ അക്രമാസക്തമായാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്നാണു പൊലിസ് വിലയിരുത്തല്‍. ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാ തരത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലിസിനു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരി പുഴയുടെ വടക്കുഭാഗത്തുള്ള പ്രദേശങ്ങള്‍ കര്‍ണാടകയോടു ചേര്‍ക്കണമെന്നാണു കര്‍ണാടക സംരക്ഷണ വേദികെയടക്കമുള്ള സംഘടനകളുടെ വര്‍ഷങ്ങളായുള്ള ആവശ്യം. ഗോവയുമായുള്ള മഹാനദി വെള്ളം പങ്കിടല്‍, ബലഗാവി മേഖലയില്‍ മാവോവാദികളുടെ അതിക്രമം തുടങ്ങി കര്‍ണാടകത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയും ഉന്നയിച്ചാണ് 12ന് കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *