കത് വ കേസ്; പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച മൂന്നു കുറ്റവാളികൾക്ക് ജീവപര്യന്തം


പത്താന്‍കോട്ട്: ( 11.06.2019) രാജ്യത്തെ ഞെട്ടിച്ച കത്വ പീഡനക്കേസില്‍ വിധി വന്നു. പത്താന്‍കോട്ട് പ്രത്യേക അതിവേഗ കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച്‌ പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.എന്നാല്‍ രണ്ടു കാര്യങ്ങള്‍ പരിഗണിച്ച്‌ കോടതി ആറ് പ്രതികളില്‍ മൂന്നുപേര്‍ക്കു ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. മൂന്നു പേരെ അഞ്ച് വര്‍ഷ തടവിനും ജഡ്ജി തേജ്വീന്ദര്‍ സിംഗ് ശിക്ഷിച്ചു. ഒരാളെ വെറുതേവിട്ടു. പ്രധാന പ്രതിയുടെ മരുമകനായ മറ്റൊരു പ്രതിയുടെ പ്രായത്തെ ചൊല്ലിയുള്ള തര്‍ക്കം ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രതികള്‍ ഇതിനു മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടില്ലെന്നും ഇതോടൊപ്പം ഇവര്‍ക്ക് മനംമാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തിയ കോടതി പരാമാവധി ശിക്ഷ നല്‍കാന്‍ മടിക്കുകയായിരുന്നു.


സംഭവത്തിന്റെ സൂത്രധാരനും ഗ്രാമ മുഖ്യനും പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ച ക്ഷേത്രത്തിന്റെ മേല്‍നോട്ടക്കാരനുമായ സാഞ്ജി റാം, സുഹൃത്ത് പര്‍വേഷ് കുമാര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ദീപക് ഖജൂരിയ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സാഞ്ജി റാമില്‍ നിന്ന് നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് കേസ് ആദ്യം അന്വേഷിച്ച എസ്.ഐ ആനന്ദ് ദത്ത, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക്രാജ് എന്നിവര്‍ക്കാണ് അഞ്ചുവര്‍ഷം തടവ്. ഇവര്‍ക്ക് 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.


കേസില്‍ മുഖ്യ പ്രതിയും പെണ്‍കുട്ടിയെ പൂട്ടിയിട്ട ക്ഷേത്രത്തിലെ പൂജാരിയുമായ സാഞ്ജി റാമിന്റെ മകന്‍ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നുവെന്ന് വിശാല്‍ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശാലിനെ വെറുതെ വിട്ടത്.അതേസമയം വിധിയില്‍ തൃപ്തിയില്ലെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.



Sharing is Caring