കത്വ പ്രതിഷേധം: കെ.പി രാമനുണ്ണിയുടെ ശയന പ്രദക്ഷിണം ആര്‍.എസ്.എസ് തടഞ്ഞു


കണ്ണൂര്‍: കത്വ സംഭവത്തില്‍ പ്രായശ്ചിത്തം ചെയ്യുകയാണെന്ന് പറഞ്ഞ് സാഹിത്യകാരന്‍ കെപി രാമനുണ്ണി കണ്ണൂര്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തിയ ശയനപ്രദക്ഷിണം പ്രതീകാത്മകമെന്നാരോപിച്ച്‌ ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ കയ്യാങ്കളി.ഇന്ന് രാവിലെ ക്ഷേത്ര പരിസരത്ത് എത്തിയ രാമനുണ്ണിയെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു. ഹിന്ദുമത വിശ്വാസിയാണെങ്കില്‍ ഹിന്ദുമത ആചാരപ്രകാരം ശയനപ്രദക്ഷിണം നടത്തുന്നതില്‍ തെറ്റില്ലെന്നും പ്രതിഷേധമോ സമരമോ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ തടയുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍, വിശ്വാസിയാണെന്നും മതാചാരപ്രകാരമാണു ശയനപ്രദക്ഷിണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും രാമനുണ്ണി പറഞ്ഞു. തുടര്‍ന്നു ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച്‌ അദ്ദേഹം ക്ഷേത്രത്തില്‍ പ്രവേശിച്ചു.


അതേസമയം, കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്താന്‍ പോകുന്ന കാര്യം നേരത്തെ പത്രസമ്മേളനത്തിലൂടെ രാമനുണ്ണി മാധ്യമങ്ങളെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോഗ്രഫര്‍മാരേയും ചാനല്‍ ക്യാമറാമാന്മാരേയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അകത്തു പ്രവേശിപ്പിച്ചില്ല.


ക്ഷേത്ര നടയില്‍ തൊഴുത ശേഷം ശയനപ്രദക്ഷിണത്തിനായി കൊടിമരത്തിനടുത്ത് രാമനുണ്ണി എത്തിയപ്പോഴേക്കും സംഘപരിവാര്‍ പ്രവര്‍ത്തകരും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ക്ഷേത്ര പരിസരത്ത് തമ്ബടിച്ചിരുന്നു. എന്നാല്‍, രാമനുണ്ണി പ്രദക്ഷിണം നടത്തുന്നതിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭജന ചൊല്ലി. ഇതിനിടെ ഫോട്ടോ എടുക്കാന്‍ ചിലര്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.

രാമനുണ്ണിക്കൊപ്പമുണ്ടായിരുന്നവര്‍ യുവമോര്‍ച്ച പ്രവര്‍ത്തകനായ അര്‍ജുനെ അടിച്ചുവെന്ന് ആരോപിച്ച്‌ സംഘര്‍ഷം രൂക്ഷമായി. സംഘര്‍ഷം തുടങ്ങിയതോടെ രാമനുണ്ണി പുറത്തിറങ്ങി. കയ്യാങ്കളിക്കു നേതൃത്വം നല്‍കിയ ചിലരെ പോലീസും പുറത്തെത്തിച്ചതോടെ സംഘര്‍ഷം അയഞ്ഞു. പിന്നെ ക്ഷേത്രത്തിനു പുറത്തായി ബഹളം. ഇരുപക്ഷത്തെയും ന്യായീകരിച്ചുകൊണ്ടു വാക്കേറ്റം തുടങ്ങിയതോടെ പോലീസ് വീണ്ടും ഇടപെടുകയായിരുന്നു.പത്ത് തവണ ഉരുണ്ട ശേഷം ക്ഷീണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉരുളാതെ നടന്ന് രാമനുണ്ണി തന്റെ പ്രദക്ഷിണം പൂര്‍ത്തിയാക്കി.



Sharing is Caring