കത്വ കേസ് വിചാരണ പഞ്ചാബിലേക്ക് മാറ്റി; ജമ്മു കശ്മീര്‍ സര്‍ക്കാരിന് തിരിച്ചടി

ശ്രീനഗര്‍: രാജ്യത്തെ പിടിച്ചുലച്ച എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ജമ്മു കശ്മീരില്‍ നിന്നും പത്താന്‍ കോട്ടിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. കേസിന്റെ വിചാരണ കശ്മീരില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

നേരത്തെ കേസ് മാറ്റരുതെന്നും കേസില്‍ സിബിഐ അന്വേഷണത്തിന് ആവശ്യമില്ലെന്നും പ്രതികളും സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 28ന് കേസ് പരിഗണിച്ച സുപ്രീം കോടതി വിചാരണ മാറ്റുന്നത് പരിഗണിക്കാമെന്നാണ് വ്യക്തമാക്കിയിരുന്നത്. കേസ് വിചാരണ മാറ്റേണ്ടെന്ന് പറയുന്നതിന്റെ കാരണമെന്തെന്ന് സുപ്രീം കോടതി അന്ന് പ്രതികളോടും ജമ്മു കശ്മീ സര്‍ക്കാരിനോടും വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിചാരണ ജമ്മുവിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഹര്‍ജിയടക്കം വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നത് വരെ കത്വ കേസ് വിചാരണയ്ക്ക് സുപ്രീംകോടതി അന്ന് സ്‌റ്റേ നല്‍കിയിരുന്നു.

കേസിന്റെ വിചാരണ ചണ്ഢീഗഡിലേക്ക് മാറ്റണമെന്ന ആവശ്യമാണ് മാതാപിതാക്കള്‍ സുപ്രീം കോടതിയോട് ഉയര്‍ത്തിയിരുന്നത്. വിചാരണ നീതി പൂര്‍വമല്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കേസില്‍ സിബിഐ അന്വേഷണം വേണമെന്നും കക്ഷി ചേര്‍ക്കണമെന്നും പ്രതികളും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേസില്‍ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തുമെന്നായിരുന്നു ഇക്കാര്യത്തില്‍ ജമ്മു സര്‍ക്കാരിന്റെ വിശദീകരണം.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു കത്വയില്‍ എട്ട് വയസുകാരിയെ കാണാതാകുന്നത്. ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയില്‍ ജനുവരി 17 കണ്ടെത്തുകയും ചെയ്തു. കേസില്‍ പൊലീസുകാരടക്കം നിരവധി പേര്‍ പ്രതിചേരുന്നതോടെ കത്വ കേസ് രാജ്യത്താകമാനം കോളിളക്കം സൃഷ്ടിക്കുകയായിരുന്നു. പ്രതികളെ പിന്തുണച്ച് കശ്മീരിലെ ബിജെപി മന്ത്രിമാര്‍ രംഗത്തെത്തിയതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *