കത്തികരിഞ്ഞ കാറിനകത്ത് ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ മൃതദേഹം കണ്ടെത്തി


ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് നവീന്‍ ദാസിനെ(25) കത്തികരിഞ്ഞ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാറില്‍ ഡ്രൈവറുടെ സീറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. നവീന്‍ സഞ്ചരിച്ച കാറും പൂര്‍ണമായി കത്തിയ നിലയിലായിരുന്നു. ലോണിയില്‍നിന്നും സാഹിബബാദിലേക്ക് പോകുന്ന വഴി ഭോപ്രയില്‍ വച്ച്‌ പുലര്‍ച്ച 2.30നാണ് അപകടമുണ്ടായത്. പ്രഭാത സവാരിക്ക് ഇറങ്ങിയ ആളുകളാണ് അപകട വിവരം പൊലീസിനെ അറിയിച്ചത്.


വാഹനത്തില്‍ നിന്നും നവീനിന്റേതെന്ന് കരുതപ്പെടുന്ന മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോണ്‍ പൊലീസ് പരിശോധിച്ച്‌ വരുകയാണ്. അതേസമയം, നവീനിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നു. കൃത്യം ചെയ്തയാള്‍ നവീനിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും അപകടപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് ആരോപണം.
അതേസമയം,കാറിനകത്ത് നിന്നും താക്കോല്‍ കണ്ടെത്താന്‍‌ കഴിഞ്ഞിട്ടില്ല. വാതിലുകള്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു. കാര്‍ കത്തുന്ന സമയത്ത് വാതിലുകള്‍ തുറന്ന് നവീന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകമായിരുന്നു. എന്നാല്‍ പുറത്തുനിന്നും കാര്‍ പൂട്ടിയതുകൊണ്ടാണ് നവീനിന് രക്ഷപ്പെടാന്‍ സാധിക്കാഞ്ഞതെന്നും കുടുംബം ആരോപിച്ചു. അര്‍ദ്ധരാത്രി 12.30 വരെ നവീനുമായി ഫോണില്‍ സംസാരിച്ചിരുന്നതായി സഹോദരി വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ നവീനിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു.




Sharing is Caring