കണ്ണൂർ വിമാനത്താവളം ഡിസംബർ 9ന് പ്രവർത്തനമാരംഭിക്കും


കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബർ 9ന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസൻസ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചതിനെ തുടർന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചതെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.


3,050 മീറ്റർ റൺവേയാണ് വിമാനത്താവളത്തിൽ ഇപ്പോഴുളളത്. അത് 4,000 മീറ്ററായി നീട്ടാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്കുളള ടെർമിനൽ ബിൽഡിംഗിന്റെ വിസ്തീർണ്ണം 97,000 ചതുരശ്ര മീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാർഗോ കോംപ്ലക്‌സ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുളള ഹോട്ടലും ഒരുക്കിയിട്ടുണ്ട്.


24 ചെക്ക് ഇൻ കൗണ്ടറുകളും സെൽഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെൽഫ് ചെക്കിംഗ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവർക്കും പോകുന്നവർക്കുമായി 32 ഇമിഗ്രേഷൻ കൗണ്ടറുകൾ ഉണ്ടാകും. ഇതിനുപുറമേ 4 ഇവിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകൾ 16 എണ്ണമാണ്.

6 ഏറോ ബ്രിഡ്ജുകളാണ് ഇപ്പോൾ പൂർത്തിയായിട്ടുളളത്. ബോയിംഗ് 777 പോലുളള വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാം.



Sharing is Caring