കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇന്ന് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം. ഡെപ്യൂട്ടി മേയറായ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിനെ ഒപ്പം നിര്‍ത്തിയാണ് യുഡിഎഫ് നീക്കം. കഴിഞ്ഞ തവണ ഇടതിനൊപ്പം നിന്നയാളാണ് രാഗേഷ്. തലനാരിഴയ്ക്ക് കൈവിട്ട കോര്‍പ്പറേഷന്‍ ഭരണം, അവസാന ഘട്ടത്തിലെങ്കിലും പിടിക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. എന്നാല്‍ ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കഴിഞ്ഞ ആഴ്ച മരിച്ചതോടെ എല്‍ഡിഎഫ് അംഗബലം 26 ആയി ചുരുങ്ങി. അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടത് 28 പേരുടെ പിന്തുണയാണെന്നിരിക്കെ 27 അംഗങ്ങളുള്ള യുഡിഎഫ്, വിമത കൗണ്‍സിലര്‍ പി കെ രാഗേഷിന്റെ പിന്തുണ ഉറപ്പാക്കിയ ആത്മവിശ്വാസത്തിലാണ് .

യുഡിഎഫ് വിമതനായി ജയിച്ച പി കെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കിയാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരണം പിടിച്ചത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യുഡിഎഫ് പി.കെ രാഗേഷുമായുള്ള തര്‍ക്കം തീര്‍ക്കുകയായിരുന്നു. അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ ചര്‍ച്ചക്ക് ശേഷം ഉച്ചയ്ക്കാണ് വോട്ടെടുപ്പ്. മൂന്ന് മണിയോടെ ഫലമറിയാം.













