കണ്ണൂര്‍ കണ്ണവം വനത്തില്‍ യുവാവ് വെടിയേറ്റ് മരിച്ചു


കൂത്തുപറമ്പ്‌ : കണ്ണവം കോളനിയില്‍ വെങ്ങളത്ത് വനത്തിനുള്ളില്‍ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. വെങ്ങളത്ത് ഖാദി ബോര്‍ഡ് സെന്‍ററിനടുത്ത് സ്വാമി പീടികയിലെ തെനിയാടന്‍ കുഞ്ഞാന്റെ മകന്‍ പ്രദീപന്‍ (സജീവന്‍- 38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അറക്കല്‍ കോളനിയോട് ചേര്‍ന്ന പാറയിടുക്ക് ഭാഗത്ത് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


നാടന്‍ തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പോലീസിന്റെ നിഗമനം. മുഖത്ത് വെടിയേറ്റ് പിന്നിലേക്ക് മറിഞ്ഞു വീണ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച മുതല്‍ വനത്തിനുള്ളില്‍ തന്നെ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ കണ്ണവം എസ് ഐ കെവി ഗണേഷിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.


വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെങ്ങളം കോളനിയിലെ കുഞ്ഞാന്‍ – പരേതയായ കുംഭ ദമ്ബതികളുടെ മകനാണ് മരിച്ച പ്രദീപന്‍. ഭാര്യ: രതി. മകന്‍: നന്ദു. സഹോദരങ്ങള്‍: ശ്രീധരന്‍, അശോകന്‍, ബാബു, സുമിത്ര, സുമ, പരേതനായ രാജന്‍.മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ സംസ്ക്കരിക്കും



Sharing is Caring