രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തില്‍

മുംബൈ: രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിനടുത്തെത്തി.ചൊവാഴ്ച 1.55ലെ നിലവാരമനുസരിച്ച്‌ ഡോളറിനെതിരെ 64.76 നിലവാരത്തിലാണ് രൂപയുടെ മൂല്യം. 2017 നവംബര്‍ 27നുണ്ടായിരുന്ന മൂല്യത്തിനടുത്തായി ഇതോടെ രൂപയുടെ നിലവാരം. ഈവര്‍ഷം തുടക്കത്തിലുള്ള മൂല്യത്തില്‍നിന്ന് ഒരു ശതമാനമാണ് രൂപയ്ക്ക് നഷ്ടമായത്.

വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍നിന്ന് നിക്ഷേപം വിറ്റൊഴിഞ്ഞ് പിന്മാറുന്നത് തുടരുന്നതും പത്ത് വര്‍ഷ ബോണ്ടിന്റെ ആദായം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതുമാണ് രൂപയുടെ മൂല്യത്തെ പിന്നോട്ടടിപ്പിച്ചത്.

എട്ട് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 140 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഈവര്‍ഷം മൊത്തം നിക്ഷേപിച്ച 102 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളിലേറെ എട്ടുദിവസംകൊണ്ട് അവര്‍ വിറ്റൊഴിഞ്ഞു.

ബജറ്റില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി കൊണ്ടുവന്നതും വ്യാപാര കമ്മി വര്‍ധിച്ചതും തിരിച്ചടിയായി. പിഎന്‍ബിയിലെ 11,400 കോടിയുടെ തട്ടിപ്പുകൂടിയായപ്പോള്‍ തിരിച്ചടി കനത്തതായി. ഇവയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് അകറ്റിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *