കണ്ണൂരില്‍ നടുറോഡില്‍ വച്ച് യുവാവിന് ക്രൂര മര്‍ദനം


മോഷ്ടാവെന്നാരോപിച്ച് കണ്ണൂരില്‍ നടുറോഡില്‍ വച്ച് യുവാവിന് ക്രൂര മര്‍ദനം. ഇന്ന് ഉച്ചയോടെയാണ് ആളുകള്‍ നോക്കി നില്‍ക്കെ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം.


യുവാവിനെ നേരത്തെ പൊലിസ് ഈ കേസില്‍ കസ്റ്റഡിയില്‍ എടുത്ത് നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയക്കുകയായിരുന്നു. പൊലിസ് വിട്ടയച്ചയുടനെ രണ്ടു പേര്‍ ചേര്‍ന്ന് യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.


തളിപ്പറമ്പിലെ ഒരു കടയില്‍ നിന്നാണ് മൊബൈല്‍ മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ടാണ് യുവാവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതും വിട്ടയച്ചതും. യുവാവ് ബഹളം വയ്ക്കുകയും താനല്ല മോഷ്ടിച്ചതെന്നും വിളിച്ചു പറഞ്ഞെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. സംഭവത്തില്‍ ഒരാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.



Sharing is Caring