കടുവ വീണ്ടും വളര്‍ത്തുമൃഗത്തെ കൊന്നു ചീരാലില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ചീരാലില്‍ പറമ്പില്‍ കെട്ടിയിട്ട പോത്തിനെ കടുവ കൊന്നതിലുള്ള നാട്ടുകാരുടെ പ്രതിഷേധം മണിക്കൂറുകള്‍ നീണ്ട ഉപരോധമായി മാറി. വ്യാഴാഴ്ച രാവിലെ എട്ടിനാണ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ പറമ്പില്‍ കെട്ടിയിട്ട പടിഞ്ഞാറെ പനച്ചിക്കല്‍ ഷംസുവിന്റെ രണ്ടര വയസുള്ള പോത്തിനെ കടുവ കൊന്നത്. ഏഴ് മണിയോടെയാണ് ഉടമസ്ഥന്‍ പോത്തിനെ ഇവിടെ കെട്ടിയിട്ടത്.കെട്ടിയിട്ട സ്ഥലത്ത് നിന്നും കുറച്ചുദൂരം പോത്തിനെ കടിച്ചു കൊണ്ടുപോയ കടുവ ശരീരത്തില്‍ നിന്നും മാംസവും ഭക്ഷിച്ചാണ് മടങ്ങിയത്. ചീരാലിലും പരിസരത്തും കഴിഞ്ഞ ഒരു മാസത്തില്‍ ഏറെയായി കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും പലരും കടുവയെ നേരില്‍ കാണുകയും ചെയ്തിട്ടും വനംവകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നും ആവശ്യമായ പ്രതിരോധ നടപടികള്‍ ഉണ്ടായില്ലെന്ന പരാതികള്‍ക്കിടെയാണ് കടുവ പട്ടാപ്പകല്‍ ടൌണിന് സമീപം പോത്തിനെ ആക്രമിച്ചുകൊന്നത്. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പോത്തിന്റെ ജഡവുമായി ആദ്യം ചീരാലില്‍ റോഡും പിന്നീട് പഴൂര്‍  ഫോറസ്റ്റ് സ്റ്റേഷനും ഉപരോധിച്ചു. പഴൂരില്‍ ബത്തേരി- ഊട്ടി റോഡും നമ്പ്യാര്‍കുന്ന് റോഡും ഉപരോധിക്കുമെന്ന ഘട്ടമെത്തിയതോടെ വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ കെ പി സാജന്‍, മുത്തങ്ങ അസി. വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ആശാലത കലക്ടറുടെ നിര്‍ദേശ പ്രകാരം എത്തിയ ബത്തേരി തഹസില്‍ദാര്‍ എം ജെ സണ്ണി , ബത്തേരി സിഐ എം ഡി സുനില്‍ എന്നിവര്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടി നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയാറാവുകയും ചര്‍ച്ചയില്‍ കൊല്ലപ്പെട്ട പോത്തിന്റെ ഉടമ ഷംസുവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കാനും തീരുമാനമായി. ഇതിന് പുറമെ പ്രദേശത്ത് വനം വകുപ്പിന്റെ പട്രോളിങും ഏര്‍പ്പെടുത്തും. വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണം കണക്കിലെടുത്ത് വനാതിര്‍ത്തിയില്‍ റെയില്‍ഫെന്‍സിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാറിന് ശുപാര്‍ശ നല്‍കുന്നതിനും ശ്രമിക്കുമെന്ന് വനം-റവന്യൂ അധികൃതര്‍ വ്യക്തമാക്കി. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ കറപ്പന്‍, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കെ ശശാങ്കന്‍, ജനതാദള്‍- എസ് സംസ്ഥാന സെക്രട്ടറി പി എം ജോയി, സി ശിവശങ്കരന്‍, വി ടി ബേബി, എം എ സുരേഷ്, കെ രാജഗോപാലന്‍, സരള ഉണ്ണികൃഷ്ണന്‍, പി എസ് സുബ്രഹ്മണ്യന്‍, എന്‍ സിദ്ധീക്ക്, കെ എ മുസ്തഫ, വി എന്‍ മോഹന്‍ദാസ്, ടി പി ഓമനക്കുട്ടന്‍, കെ ആര്‍ സാജന്‍, ടി അബ്ദുള്‍സലീം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *