കങ്കണയുടെ ട്വിറ്റര്‍ അടച്ചുപൂട്ടണം; മുംബൈ ഹൈക്കോടതിയില്‍ ഹരജി

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹരജി. ട്വീറ്ററിലൂടെ തുടർച്ചയായി വിദ്വേഷം പരത്തുകയും രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയുമാണ് കങ്കണ ചെയ്യുന്നത് എന്നാണ് ആരോപണം. അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്മുഖാണ് നടിക്കെതിരെ ഹരജി ഫയല്‍ ചെയ്തത്.

കർഷക പ്രക്ഷോഭത്തിനെതിരെയുള്ള കങ്കണയുടെ ട്വീറ്റുകൾ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണയുടെ ട്വിറ്റർ അക്കൌണ്ട് പൂട്ടണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ രംഗത്ത് വന്നത്. വിദ്വേഷം പരത്തുന്നതിനൊപ്പം അധിക്ഷേപം നിറഞ്ഞ ട്വീറ്റുകള്‍ കൊണ്ട് കങ്കണ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഹരജിയിൽ പറയുന്നു.

തനിക്കെതിരെ ഹരജി നല്‍കി എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി കങ്കണയും രംഗത്തെത്തി. ട്വിറ്റര്‍ മാത്രമല്ല തനിക്ക് അഭിപ്രായം അറിയിക്കാനുള്ള സ്ഥലമെന്നും തന്റെ ഒരു ചെറിയ സ്റ്റേറ്റ്‌മെന്റ് എടുക്കാന്‍ ആയിരക്കണക്കിന് ക്യാമറകള്‍ എത്തുമെന്നുമാണ് കങ്കണ പ്രതികരിച്ചു.

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന സമരത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയ ‘ഷഹീൻബാഗ് ദാദി’ ബില്‍കിസ് ബാനുവിനെതിരായ അധിക്ഷേപമാണ് വലിയ വിമർശനങ്ങൾക്ക് കാരണമായത്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. എന്നാൽ ട്വീറ്റിനൊപ്പം പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *