കംബോഡിയന്‍ രാജകുമാരന് കാറപകടത്തില്‍ പരിക്ക്;ഭാര്യ ഫല്ല മരിച്ചു


ഫേനം ഫേ: കംബോഡിയയുടെ മുന്‍പ്രധാനമന്ത്രിയും രാജകുമാരനുമായ നോറോദോം രണറിദ്ധും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ രണറിദ്ധിന്റെ ഭാര്യ ഫല്ല(39) മരിച്ചു. രണറിദ്ധിന് (74)അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.
തെക്കു പടിഞ്ഞാറന്‍ കംബോഡിയയിലെ സിഹാനൂക്ക് വില്ലെ നഗരത്തില്‍, രാഷ്ട്രീയ അനുഭാവികളെ കാണാനുള്ള യാത്രയ്ക്കിടെയാണ് രണറിദ്ധും ഫല്ലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.


ടാക്‌സി കാര്‍ രണദ്ധിറിന്റെ കാറില്‍ ഇടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം. പ്രേയാ സിഹാനൂക്ക് പ്രവിശ്യയിലെ ആശുപത്രിയിലാണ് രണറിദ്ധിനെയും ഭാര്യയെയും പ്രവേശിപ്പിച്ചത്. കംബോഡിയയുടെ രാജാവ് നോറോദോം സിഹമോണിയുടെ അര്‍ധ സഹോദരനാണ് രണറിദ്ധ്. ഹുന്‍ സെന്നിനൊപ്പം 1993 മുതല്‍ 97 വരെയാണ് രണറിദ്ധ് കംബോഡിയയുടെ പ്രധാനമന്ത്രിയായിരുന്നത്. നിലവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അട്ടിമറിയിലാണ് ഇദ്ദേഹത്തിന് സ്ഥാനം നഷ്ടമായത്.




Sharing is Caring