കാശ്മീരില്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ച ശേഷം മരിച്ചത് 41 പേര്‍


ശ്രീനഗര്‍: റംസാന്‍ ആഘോഷത്തോട് അനുബന്ധിച്ച്‌ ജമ്മുകാശ്‌മീരില്‍ സൈന്യം വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം താഴ്‌വരയില്‍ ഉണ്ടായത് 50 ഭീകരാക്രമണങ്ങളും 20 ഗ്രനേഡ് ആക്രമണങ്ങളും. സംഘര്‍ഷങ്ങളില്‍ 41 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മേയ് 16 മുതല്‍ ജൂണ്‍ 17 വരെയായിരുന്നു വെടിനിറുത്തല്‍ പ്രഖ്യാപിച്ചത്. വെടിനിറുത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്പ് ഏപ്രില്‍ 19 മുതല്‍ മേയ് 16 വരെ ഭീകരതയുമായി ബന്ധപ്പെട്ട് 25 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍,​ മേയ് 17നും ജൂണ്‍ 13നും ഇടയില്‍ 66 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഇക്കാലത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളാണ് വെടിനിറുത്തല്‍ നീട്ടേണ്ടെന്ന തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ എത്തിച്ചത്. വെടിനിറുത്തല്‍ നീട്ടേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രതികരണം. വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിനെ ജമ്മുകാശ്‌മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് സ്വാഗതം ചെയ്തിരുന്നു. റംസാന് ശേഷവും വെടിനിറുത്തല്‍ തുടരുമെന്നാണ് മുഫ്തി പ്രതീക്ഷിച്ചിരുന്നത്. എന്നാ​ല്‍, യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു.


ഇക്കാലത്തിനിടെ 24 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും കുപ്‌വാരയില്‍ നിന്നുള്ളവരായിരുന്നു. ലഷ്‌കറെ തയ്ബ,​ ഹിസ്ബുള്‍ മുജാഹിദീന്‍,​ ജെയ്ഷെ മുഹമ്മദ്,​ അല്‍ ബദര്‍ തീവ്രവാദികളും കൊല്ലപ്പെട്ടവരില്‍ പെടുന്നു.



Sharing is Caring