ഓള്‍ ഇംഗ്ലണ്ട് ഓപണ്‍ ബാഡ്മിന്റണ്‍: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍


ഇന്ത്യന്‍ പ്രതീക്ഷകളായ പി.വി സിന്ധുവും സൈന നേഹ്‌വാളും ഓള്‍ ഇംഗ്ലണ്ട് ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. അതേസമയം ഇന്ത്യയുടെ എച്.എസ് പ്രാണോയ് രണ്ടാം റൗണ്ടില്‍ തോല്‍വി വഴങ്ങി. മിക്‌സ്ഡ് ഡബിള്‍സിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കും വിരാമമായി.
ആറാം സീഡായ സിന്ധു വനിതാ സിംഗിള്‍സില്‍ ഇന്തോനേഷ്യന്‍ താരം ദിനര്‍ ദയ അയുസ്റ്റിനെ 21-12, 21-14 എന്ന സ്‌കോറിനു അനായാസം കീഴടക്കിയാണു ക്വാര്‍ട്ടറിലെത്തിയത്. സൈന ജര്‍മന്‍ താരം ഫാബിയെന്നെ ഡെപെരസിനെ 21-18, 21-10 എന്ന സ്‌കോറിനും എളുപ്പം മറികടന്നു.
പുരുഷ വിഭാഗത്തിലെ ഏക ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന എച്.എസ് പ്രാണോയ് ഏഴാം സീഡായ ചൈനീസ് താരം ടിയാന്‍ ഹവേയിയോടാണു പരാജയമേറ്റു വാങ്ങിയത്. സ്‌കോര്‍: 13-21, 5-21.
മിക്‌സ്ഡ് ഡബിള്‍സിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു. ജെറി ചോപ്രയും എന്‍ സിക്കി റെഡ്ഡിയും ചേര്‍ന്ന ഇന്ത്യന്‍ സഖ്യം ദക്ഷിണ കൊറിയന്‍ സഖ്യമായ യൂ യോന്‍ സ്യോങ്- കിം ഹ ന സഖ്യത്തോടു 19-21, 20-22 എന്ന സ്‌കോറിനു പൊരുതി കീഴടങ്ങി.




Sharing is Caring