ഓണ്‍ലൈനില്‍ സര്‍ക്കാര്‍ വക കള്ള് കച്ചവടത്തിന് പോലീസിന്റെ പച്ചക്കൊടി


മദ്യക്കട തുടങ്ങാന്‍ കഴിയാതെ സര്‍ക്കാര്‍ ആകെ പെട്ടിരിക്കുകയാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ കൂട്ടത്തോടെ പൂട്ടേണ്ട സാഹചര്യത്തെ അതിജീവിക്കാന്‍ പുതിയ നിര്‍ദേശവുമായിട്ടാണ് പോലീസ് എത്തിയിരിക്കുന്നത്. മദ്യ വിതരണത്തിനായി കോഫി ഹൗസ് മാതൃകയില്‍ സൊസൈറ്റിയുണ്ടാക്കി, ഓണ്‍ലൈനായി മദ്യം വിപണനം ചെയ്യണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി.


തൊഴില്‍ നഷ്ടമാകുന്നവരെ ഓണ്‍ലൈന്‍ വിപണനത്തിനായി ഉപയോഗിക്കുന്നതിലൂടെ ഇവരുടെ പുനരധിവാസമെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയും. മദ്യത്തിന്റെ വില്പന പൂര്‍ണമായും ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ കൊണ്ടു വരണം. മദ്യം വിതരണം ചെയ്യുന്നതിനായി ഭരണഘടനയുടെ അനുച്ഛേദം 43 ബി ക്ക് അനുസൃതമായി, തൊഴിലാളികളുടെ സഹകരണസംഘം ഉണ്ടാക്കണം. മദ്യം വിതരണം ചെയ്യുമ്പോള്‍ സര്‍ക്കാറിന് വേണമെങ്കില്‍ ഒരു സര്‍വീസ് ചാര്‍ജ് ഉപഭോക്താവില്‍ നിന്ന് ഈടാക്കാം. അത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഉപയോഗിക്കാം.


ഓണ്‍ലൈന്‍ വ്യവസായമാവുമ്പോള്‍ മദ്യ വില്പനയുടെ കണക്കുകള്‍ കൃത്യമായി ഏകീകരിച്ച് സൂക്ഷിക്കാന്‍ സാധിക്കും. മദ്യ വില്പനമൂലം നാട്ടിലുണ്ടാവുന്ന ക്രമസമാധാന പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാമെന്നതാണ് ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പ്രധാന ഗുണമായി പോലീസ് എടുത്തു കാട്ടുന്നത്. കേരള ഷോപ്‌സ് ആന്‍ഡ് ഡിസ്‌പോസല്‍ റൂള്‍സ് 2002 ഭേദഗതി ചെയ്തും അബ്കാരി ആക്ടില്‍ വേണ്ട വിധത്തില്‍ ചട്ടങ്ങളുണ്ടാക്കിയും നിലവിലെ പ്രതിസന്ധി പരിഹരിക്കാവുന്നതാണ്.

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഏറ്റവും പ്രധാന വിമര്‍ശനം പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യം വാങ്ങും എന്നതാണ്. അതിനും റിപ്പോര്‍ട്ടില്‍ പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. മദ്യം ഓണ്‍ലൈനില്‍ ആവശ്യപ്പെട്ടയാള്‍ക്ക് അത് കൈമാറുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. ഇതുവഴി പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യം വാങ്ങുന്നത് തടയാനാവും. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം കിട്ടുകയാണെങ്കില്‍ അത് വിതരണം ചെയ്ത ആളിന്റെ ഉത്തരവാദിത്വമായിരിക്കും.

അബ്്കാരി മേഖലയിലെ അഴിമതി ഒഴിവാക്കാനും സുതാര്യമായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ സാധിക്കും. വ്യാപാരം ഓണ്‍ലൈനാക്കുമ്പോള്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ വാടകയിനത്തില്‍ നല്‍കുന്ന വന്‍തുക ലാഭിക്കാന്‍ കഴിയും.



Sharing is Caring