ഓഖി: മുംബൈയില്‍ സ്‌കൂളുകള്‍ക്ക് അവധി

ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ തീരത്തേക്ക് അടുക്കുന്നുവെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുബൈയിലെയും അയല്‍ജില്ലകളിലെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ഓഖി ചുഴലിക്കാറ്റിനെ പ്രതിരോധിക്കാനായി മുന്നൊരുക്കങ്ങള്‍ നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏതു സാഹചര്യത്തേയും നേരിടാനായി രക്ഷാപ്രവര്‍ത്തകരുടെ സംഘം തയാറാണ്.

യാത്രക്കാര്‍ കൂടുതലായാല്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നേരിടാന്‍ റെയില്‍വെ കൂടുതല്‍ പേരെ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്.സെന്‍ട്രല്‍ റെയില്‍വേ മുംബൈ ഡിവിഷന്‍ എമര്‍ജന്‍സി നമ്പര്‍ പുറത്തിറക്കിയിട്ടുണ്ട്. ഛത്രപതി ശിവാജി മഹാരാജ്ട് ടെര്‍മിനസ്, കല്യാണ്‍ എന്നിവിടങ്ങളില്‍ അടിയന്തര സെല്‍ ആരംഭിച്ചിട്ടുണ്ട്. ഈ സ്‌റ്റേഷനുകളില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

അതിശക്തമായ രീതിയിലാണ് ഓഖി ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറ് അറബിക്കടലില്‍ രൂപംകൊണ്ടിട്ടുള്ളത്. മുംബൈക്ക് 880 കി.മീറ്ററും സൂറത്തിന് 1090 കി.മീറ്റര്‍ അകലെയുമായിട്ടാണ് ചുഴലിക്കൊടുങ്കാറ്റ് രൂപം കൊണ്ടിട്ടുള്ളത്. 48 മണിക്കൂറിനു ശേഷം കാറ്റ് ശക്തി കുറഞ്ഞ് ദുര്‍ബലമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.

മുംബൈ ഉള്‍പ്പെടുന്ന ഉത്തര കൊങ്കണ്‍ തീരത്ത് മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുംബൈയ്ക്ക് പുറമെ സിന്ധുദുര്‍ഗ, താനെ, റായ് ഗഡ്, പല്‍ഗര്‍ ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *