ഓംപുരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്; 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു


പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസ്സായിരുന്നു. കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.ഹിന്ദി, ഇംഗ്ലീഷ്, മാറാത്തി, പഞ്ചാബി, കന്നട തുടങ്ങിയ ഭാഷകളില്‍ ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തുനിന്നുമാണ് സിനിമാ ലോകത്തെത്തിയത്.
മലയാളത്തില്‍ പുരാവൃത്തം, ആടുപുലിയാട്ടം, സംവത്സരങ്ങള്‍ എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. മലയാളത്തില്‍ അവസാനമായി അഭിനയിച്ച ജയറാം നായകനായ ആടുപുലിയാട്ടത്തിലെ ഓംപുരിയുടെ വേഷം ഏറെ ജനശ്രദ്ധനേടിയിരുന്നു. രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ഓംപുരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.


പാക്കിസ്ഥാനി, ബ്രിട്ടീഷ്, ഹോളിവുഡ് സിനികളിലും സാന്നിധ്യമറിയിച്ചു. ഹരിയാനയിലുള്ള അംബാലയില്‍ ജനിച്ച ഓം പുരി, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും അദ്ദേഹം പഠിച്ചിട്ടുണ്ട്. ഇവിടെ പ്രശസ്ത ചലച്ചിത്രതാരം നസറുദ്ദീന്‍ ഷാ ഓംപുരിയുടെ സഹപാഠിയായിരുന്നു. തുടര്‍ന്ന് കലാരംഗത്തെത്തിയ ഓംപുരി 1976 ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട്വല്‍ എന്ന മറാത്തി ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്.


സിറ്റി ഓഫ് ജോയ്, വോള്‍ഫ്, ദി ഗോസ്റ്റ് ആന്‍ഡ് ദി ഡാര്‍ക്നെസ്സ് , മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 1982ല്‍ പുറത്തിറങ്ങിയ ഗാന്ധി എന്നിവ ഓംപുരി അഭിനയിച്ച ഹോളിവുഡ് ചിത്രങ്ങളാണ്. മൈ സണ്‍ ദി ഫനടിക്, ഈസ്റ്റ് ഈസ് ഈസ്റ്റ്, ദി പരോള്‍ ഓഫീസ്സര്‍ തുടങ്ങിയ ബ്രീട്ടീഷ് ചിത്രങ്ങളിലും ഓംപുരി ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്.

അംരീഷ് പുരി, നസീറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിത പാട്ടീല്‍ തുടങ്ങിയ താരങ്ങളോടൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളുടെ ഭാഗമായ ഓംപുരി, കച്ചവട സിനിമയിലും സജീവ സാന്നിധ്യമായി നിറഞ്ഞു. സ്വഭാവനടന്‍, ഹാസ്യനടന്‍ തുടങ്ങിയ വേഷങ്ങളിലും അദ്ദേഹം തിളങ്ങി. 1980 ല്‍ പുറത്തിറങ്ങിയ ഭവനി ഭവായ്, 1981 ലെ സദ്ഗതി, 1982 ല്‍ റിലീസ് ചെയ്ത അര്‍ദ് സത്യ, 1986 ല്‍ പുറത്തിറങ്ങിയ മിര്‍ച്ച് മസാല (1986), 1992 ല്‍ റിലീസ് ചെയ്ത ധാരാവി തുടങ്ങിയ ഓംപുരിയുടെ ശ്രദ്ധേയ ചിത്രങ്ങളില്‍ ചിലതാണ്.



Sharing is Caring