ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്’; വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ന്യൂഡല്‍ഹി: എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ആകാമെന്ന് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ ഏകാഭിപ്രായം പുലര്‍ത്തിയപ്പോള്‍ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് ശക്തമായ വിയോജിപ്പു രേഖപ്പെടുത്തിയത്. മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി ന്യായത്തിലാണ് മതവിശ്വാസങ്ങളെ വേര്‍തിരിച്ചു കാണേണ്ടതുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടത്.

ശബരിമല ക്ഷേത്രത്തിനും ആരാധനാ മൂര്‍ത്തിക്കും ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം സംരക്ഷണമുണ്ട്. വേര്‍തിരിച്ചുള്ള രീതികള്‍ പിന്തുടരുന്ന വിഭാഗങ്ങളെ ഒരു മതത്തിലെ പ്രത്യേക വിഭാഗമായി കാണേണ്ടതുണ്ട്. ഇത്തരത്തില്‍ നോക്കിയാല്‍ അയ്യപ്പന്മാരെ ഒരു പ്രത്യേക മതവിഭാഗമായി വീക്ഷിക്കേണ്ടതുണ്ടെന്ന് അവര്‍ നിരീക്ഷിച്ചു.

ആഴത്തില്‍ വേരൂന്നിയ മതവിശ്വാസങ്ങളെ, രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കായി മാറ്റിയെഴുതരുതെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തന്റെ വിധിയില്‍ വ്യക്തമാക്കി. ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്. വ്യക്തിവിശ്വാസത്തിന്റെ വിഷയമാണിത്. വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെ മണ്ണാണ് ഇന്ത്യ. ബഹുസ്വരതയാര്‍ന്ന സമൂഹത്തില്‍ വിവേകമുള്‍ക്കൊള്ളാത്ത വിശ്വാസങ്ങള്‍ പോലും പിന്തുടരാനുള്ള സ്വാതന്ത്ര്യമാണ് നീതിയുക്തമായി ഭരണഘടന നല്‍കേണ്ടതെന്നും അവര്‍ വിധിന്യായത്തില്‍ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *