ഒരു അഴിമതിക്കേസിലും ഉള്‍പ്പെട്ടിട്ടില്ലാത്ത പാര്‍ട്ടിയാണ് ബിജെപി;ഖുശ്ബു സുന്ദര്‍

ഒരു അഴിമതിക്കേസിലും ഉള്‍പ്പെട്ടിട്ടില്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഖുശ്ബു സുന്ദര്‍. കോണ്‍ഗ്രസിനോടുള്ള വിശ്വസ്തത കൊണ്ടാണ് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചത്. പ്രതിപക്ഷത്തെ പ്രധാന അംഗമെന്ന നിലയില്‍ തന്‍റെ കടമയായിരുന്നു അത്. മോദി സര്‍ക്കാരിനെതിരെ വന്ന എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് അവര്‍ തന്നെ തെളിയിച്ചുകഴിഞ്ഞതാണെന്നും ഖുശ്ബു പറഞ്ഞു.

“പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പിഎം കെയറും റഫാലും അതും ഇതും ഒക്കെയുണ്ട് പറയാന്‍. പക്ഷേ എല്ലാ കേസിലും മോദി സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് സുപ്രീംകോടതിയില്‍ തെളിയിക്കപ്പെട്ടതാണ്. ഒരു ബിജെപി നേതാവിനെതിരെ പോലും ഒരു അഴിമതി കേസ് പോലുമില്ല. കഴിഞ്ഞ ആറ് വര്‍ഷമായി സംശുദ്ധ ഭരണമാണ്. ഞാനങ്ങനെയാണ് കരുതുന്നത്”- ഖുശ്ബു ദ പ്രിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.”ട്വിറ്ററിലുള്ളവര്‍ പുറത്തുപോയി വോട്ട് ചെയ്യാത്തവരാണ്. ഇക്കാണുന്ന ട്രോളുകളൊക്കെ പെയ്ഡ് ട്രോളുകളാണ്. അവര്‍ക്ക് മുഖമോ മേല്‍വിലാസമോ ഇല്ല. ഞാനിതൊന്നും കാര്യമാക്കുന്നില്ല”- സംഘികള്‍ മങ്കികളെ പോലെ എന്നത് ഉള്‍പ്പെടെ ഖുശ്ബുവിന്‍റെ മുന്‍കാല വിമര്‍ശനങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയതിന് പിന്നാലെയാണ് ഖുശ്ബുവിന്‍റെ ഈ പ്രതികരണം.

ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കടുത്ത വിമര്‍ശകയായിരുന്ന ഖുശ്ബു ആറ് ദിവസം മുന്‍പ് വരെ ഹാഥ്റസ്, കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിമര്‍ശനം തുടര്‍ന്നിരുന്നു. ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോവുകയാണെന്ന തരത്തില്‍ കഴിഞ്ഞ ആഴ്ച അഭ്യൂഹം വന്നപ്പോള്‍ അവര്‍ തള്ളിക്കളയുകയുമുണ്ടായി. പിന്നാലെയാണ് ഡല്‍ഹിയിലെത്തി ബിജെപി അംഗത്വം സ്വീകരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *