”ഒട്ടേറെ തെറ്റുകള്‍ ചെയ്തു, ഭര്‍ത്താവ് പിടിച്ചു വാങ്ങിയ വിധി” വെടിയേറ്റ് മരിച്ച ദുബേയുടെ ഭാര്യ ; പോലീസ് ചെയ്തതാണ് ശരിയെന്ന് പിതാവ് രാംസിംഗ്

ലക്‌നൗ: ഭര്‍ത്താവ് തെറ്റുകാരനായിരുന്നു എന്നും ഇത് അദ്ദേഹം പിടിച്ചുവാങ്ങിയ വിധിയെന്നും ഉത്തര്‍പ്രദേശിലെ കൊടും കുറ്റവാളി വികാസ് ദുബേയുടെ ഭാര്യ. വെളളിയാഴ്ച പുലര്‍ച്ചെ വികാസ് ദുബേ പോലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെ കടുത്ത സുരക്ഷാ സംവിധാനത്തില്‍ സംസ്‌ക്കാരവും നടന്നു. തലയ്ക്ക് വെടിയേറ്റായിരുന്നു വികാസ് ദുബേ ഇന്നലെ കൊല്ലപ്പെട്ടത്. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷാര്‍ത്ഥം വെടിവെച്ചതാണെന്ന് പോലീസ് പറഞ്ഞു.

ഭര്‍ത്താവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി റിച്ച ഭെയ്‌റാഗോട്ടില്‍ നിന്നും എത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരോട് കടുത്ത അമര്‍ഷമാണ് റിച്ച പ്രകടിപ്പിച്ചത്. വൈദ്യുത ശ്മശാനത്തില്‍ ഭാര്യ റിച്ചയുടെയും മകന്റെയും സാന്നിദ്ധ്യത്തില്‍ ഭാര്യാ സഹോദരന്‍ ദിനേഷ് തിവാരിയാണ് വികാസ് ദുബേയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. ഭര്‍ത്താവിന്റെ മരണത്തേക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴാണ് ഇത് അയാള്‍ അര്‍ഹിച്ച വിധിയായിരുന്നെന്ന് റിച്ച പ്രതികരിച്ചത്. അനേകം തെറ്റുകള്‍ ചെയ്ത ആളാണ് വികാസ്. അതുകൊണ്ട് തന്നെ ഈ വിധി പിടിച്ചുവാങ്ങിയതാണെന്ന് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ തെറി വിളിക്കുകയും തട്ടിക്കയറുകയും ചെയ്ത റിച്ച എല്ലാവരോടും ഒന്നു പോയിത്തരാമോ എന്നും ഭര്‍ത്താവിനെ പോലീസ് എന്‍കൗണ്ടര്‍ ചെയ്തതിന് കാരണം മാധ്യമങ്ങളാണെന്ന് പറയുകയും ചെയ്തു. അന്ത്യ ചടങ്ങിന് ശേഷം റിച്ചയേയും മകനെയും പോലീസ് തങ്ങളുടെ ജീപ്പില്‍ കയറ്റി മറ്റൊരിടത്തേക്ക് പോയി. ദുബേയുടെ പിതാവ് രാംകുമാര്‍ ദുബേയും പോലീസ് നടപടിയെ ശരിവെച്ചു. പോലീസ് ചെയ്തത് ശരിയായിരുന്നു എന്നായിരുന്നു നേരത്തേ പ്രതികരണം ആരാഞ്ഞപ്പോള്‍ രാംകുമാര്‍ പറഞ്ഞത്. മകന്റെ അന്ത്യകര്‍മ്മത്തിന് പോകില്ലെന്നും പറഞ്ഞിരുന്നു. നേരത്തേ എട്ടു പോലീസുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ പോലീസ് ചോദ്യം ചെയ്ത ദിനേഷ് തിവാരിയാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തതും.

പോലീസ് ചോദ്യം ചെയ്യല്‍ ഭയന്ന് അയല്‍ക്കാരും മറ്റു ബന്ധുക്കളുമൊന്നും അന്ത്യ കര്‍മ്മങ്ങള്‍ക്ക് എത്തിയില്ല. അതേസമയം നാട്ടുകാര്‍ ദുബേയുടെ മരണം പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. ഇനി സമാധാനമായി കഴിയാമല്ലോ എന്നായിരുന്നു പലരുടേയും പ്രതികരണം. വ്യാഴാഴ്ച മദ്ധ്യപ്രദേശ് പോലീസ് മഹാകാല്‍ ക്ഷേത്രത്തില്‍ നിന്നും അറസ്റ്റ് ചെയ്ത ദുബേയെ എംപി പോലീസ് യുപി പോലീസിന് കൈമാറിയിരുന്നു. യുപി പോലീസ് ദുബേയുമായി കാണ്‍പൂരിലേക്ക് വരുമ്ബോള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയും ഒരാളുടെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിവെച്ചു കൊന്നു എന്നുമാണ് വികാസ് ദുബേയുടെ മരണത്തില്‍ പോലീസ് പറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *