ഐ.എസ്.എല്ലില്‍ ഇന്ന് ഡെര്‍ബി പോരാട്ടം; ജയം ലക്ഷ്യമിട്ട് പൂനെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഡെര്‍ബി പോരാട്ടം. തുല്യ ശക്തികളായ പൂനെ സിറ്റിയും മുംബൈ എഫ്.സിയുമാണ് നേര്‍ക്കുനേര്‍ വരുന്നത്.
ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടിയ പൂനെ രണ്ടാം മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. അതേസമയം മുംബൈ സമാന അവസ്ഥയിലാണ്. ആദ്യ മത്സരത്തില്‍ ബംഗളൂരൂവിനോട് തോറ്റ മുംബൈ രണ്ടാം മത്സരത്തില്‍ ഗോവയെ വീഴ്ത്തിയിരുന്നു.
തോല്‍വി തങ്ങളെ തളര്‍ത്തിയിട്ടില്ലെന്ന തെളിയിക്കാനാണ് പൂനെ ഇന്ന് കളത്തിലിറങ്ങുന്നത്. കോച്ച് റാങ്കോ പോപോവിച്ചിന്റെ തന്ത്രങ്ങളാണ് ടീമിനെ മുന്നോട്ടുനയിക്കുന്നത്. കൗണ്ടര്‍ അറ്റാക്കിന് പ്രാധാന്യം നല്‍കിയുള്ള രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. മാഴ്‌സലീഞ്ഞോയും എമിലിയാനോ ആല്‍ഫാരോയും ടീമിന്റെ കുന്തമുനകളാണ്.
മറുവശത്ത് മുംബൈ അലക്‌സാന്‍ഡര്‍ ഗയ്‌മേറസിന്റെ കീഴില്‍ മികവിലേക്കുയര്‍ന്നു കഴിഞ്ഞു. ടീമിന്റെ ഫോര്‍മേഷന്‍ കൃത്യമായി മനസിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എവര്‍ട്ടന്‍ ലിയാന്‍ഡ്രോ, തിയാഗോ സാന്റോസ് എന്നിവരുടെ മികവ് ഗോവയ്‌ക്കെതിരേ ജയം നേടുന്നതില്‍ നിര്‍ണായകമായിരുന്നു.
പകരക്കാരനായിറങ്ങിയ സാന്റോസ് പൂനെയ്‌ക്കെതിരേ മുഴുവന്‍ സമയവും കളത്തിലിറങ്ങും. ഗോവയ്‌ക്കെതിരേ ജയം നേടിയ അതേ ടീമിനെ നിലനിര്‍ത്താനാവും ടീം ശ്രമിക്കുക. എന്നാല്‍ പ്രതിരോധത്തില്‍ മുംബൈ ഇപ്പോഴും ദുര്‍ബലമാണ്. ഗോവന്‍ ടീം നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഭാഗ്യം കൊണ്ടാണ് അവ രക്ഷപ്പെടുത്താന്‍ സാധിച്ചത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ സെഹ്‌നാജ് സിങ് കൂടുതല്‍ മികവിലേക്കുയരേണ്ടത് നിര്‍ണായകമാണ്. ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് തകര്‍പ്പന്‍ ഫോമിലുള്ളത് ടീമിന് ഗുണകരമാണ്.
തോറ്റെങ്കിലും നിലവിലെ ലൈനപ്പില്‍ പൂനെ മാറ്റംവരുത്താന്‍ ഇടയില്ല. പരുക്കേറ്റ ജുവല്‍ രാജ മുംബൈക്കെതിരേയും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പ്രതിരോധത്തില്‍ പൂനെയ്ക്കും വിള്ളലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *