ഏഷ്യാകപ്പില്‍ ഹോങ്കോങിനെ തകര്‍ത്ത് വിജയം കീഴടക്കി ഇന്ത്യ; ശിഖര്‍ ധവാന് സെഞ്ചുറി

ഏഷ്യാ കപ്പിലെ ആവേശകരമായ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് 26 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങിന് 50 ഓവറില്‍ 258 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഒരു ഘട്ടത്തില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഹോങ്കോങ്ങിന് സാധിച്ചുവെങ്കിലും മത്സരത്തിന്റെ സമ്മര്‍ദ്ദം മറികടക്കാന്‍ അവര്‍ക്കായില്ല.

ശിഖര്‍ ധവാന്റെ (127) സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. എന്നാല്‍, ശക്തമായി തിരിച്ചടിച്ച ഹോങ്കോങ് അട്ടിമറിയുടെ അടുത്തെത്തി. ഓപ്പണിങ് വിക്കറ്റില്‍ 174 റണ്‍സെടുത്ത നിസാകത് ഖാനും (92) അന്‍ഷുമാന്‍ റൗത്തുമാണ് (73) ഇന്ത്യയെ വിറപ്പിച്ചത്. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ ഹോങ്കോങ് കിതച്ചു. മറ്റൊരു കൂട്ടുകെട്ടിന് അനുവദിക്കാതെ ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ വിജയത്തിന് ആവശ്യം വേണ്ട റണ്‍റേറ്റും കൂടി. കിന്‍ജിത് ഷാ (17), എഹ്‌സാന്‍ ഖാന്‍ (22) എന്നിവര്‍ മാത്രമാണ് പിന്നീട് ഭേദപ്പെട്ട് കളിച്ചത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ടെങ്കിലും ബാറ്റിങിനിറങ്ങിയപ്പോള്‍ ഇന്ത്യ മുന്നൂറിനപ്പുറമുള്ള ഒരു സ്‌കോര്‍ സ്വപ്നം കണ്ടിരിക്കണം. എന്നാല്‍, സ്‌കോറിങ് അത്ര അനായാസമായിരുന്നില്ല പിച്ചില്‍. 7.4 ഓവറില്‍ ധവാനൊപ്പം 45 റണ്‍സ് ചേര്‍ത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (23) മടങ്ങി. യോയോ ടെസ്റ്റില്‍ ഫിറ്റ്‌നസ് തെളിയിച്ച് ടീമിലേക്കു മടങ്ങിയെത്തിയ റായുഡു (60)അവസരം കളഞ്ഞില്ല. 70 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും അടങ്ങുന്നതാണ് റായുഡുവിന്റെ ഇന്നിങ്‌സ്.രണ്ടാം വിക്കറ്റില്‍ ധവാനും റായുഡുവും ചേര്‍ന്നു നേടിയ 116 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയായത്.

എന്നാല്‍, ഈ കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തും എന്നു കരുതിയിരിക്കെ റായുഡു എഹ്‌സാന്‍ നവാസിന്റെ ബൗണ്‍സര്‍ വിക്കറ്റ് കീപ്പര്‍ക്കു തൊട്ടു കൊടുത്ത് മടങ്ങി. ഹോങ്കോങ് സ്ലോ ബോളര്‍മാരുടെ അച്ചടക്കമുള്ള ബോളിങില്‍ ഇന്ത്യയുടെ സ്‌കോറിങും അതോടെ സ്ലോ ആയി. കാര്‍ത്തികും (33) ധവാനും മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടിന് പദ്ധതിയിട്ടെങ്കിലും തുടരെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി ഹോങ്കോങ് ബോളര്‍മാര്‍ ബ്രേക്കിട്ടു. 120 പന്തിലാണ് ധവാന്‍ 127 റണ്‍സെടുത്തത്-15 ഫോറും രണ്ടു സിക്‌സും. ധവാന്റെ 14ാം ഏകദിന സെഞ്ചുറിയാണിത്.

ധോണിയും ഷാര്‍ദൂലും പൂജ്യത്തിനും ഭുവനേശ്വര്‍ ഒമ്പത് റണ്‍സിനും പുറത്തായി. കേദാര്‍ ജാദവ് 27 പന്തില്‍ 28 റണ്‍സടിച്ചു. അവസാന പത്ത് ഓവറില്‍ 48 റണ്‍സ് മാത്രമാണ് ഹോങ്കോങ് ബോളര്‍മാര്‍ വഴങ്ങിയത്. ഇന്നിങ്‌സിലെ ആകെ എക്‌സ്ട്രാസ് അഞ്ചു റണ്‍സ് മാത്രം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *