ഏഴു കോടിയുടെ കള്ളനോട്ട് പിടിച്ചു; മുംബൈയിൽ വൻ സംഘം അറസ്റ്റിൽ

മുംബൈ: മുംബൈയിൽ വൻ കള്ളനോട്ട് സംഘം അറസ്റ്റിൽ. കള്ളനോട്ട് അച്ചടിച്ചു അന്തർ സംസ്ഥാന തലത്തിൽ വിതരണം ചെയ്തുവന്നിരുന്ന സംഘത്തെയാണ് മുംബൈ പോലീസ് പിടികൂടിയത്.

ഏഴു പേർ അറസ്റ്റിലായി. ഏഴു കോടിയുടെ വ്യാജ കറൻസികൾ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് നഗരപ്രാന്തത്തിലെ ദഹിസർ ചെക്ക് പോസ്റ്റിൽ കാർ തടഞ്ഞു നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് സംഘത്തെ പിടിച്ചത്.

കാറിലുണ്ടായിരുന്ന നാലു പേർ കാറിലുണ്ടായിരുന്നു. കാറിൽനിന്ന് 2000 രൂപയുടെ 250 ബണ്ടിൽ കള്ള നോട്ടുകൾ പിടിച്ചെടുത്തു. കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തതിൽനിന്നു മൂന്നു സഹായികളെക്കുറിച്ചുള്ള വിവരങ്ങൾക്കൂടി ലഭിച്ചു.

തുടർന്ന് സബർബൻ അന്ധേരിയിലെ ഒരു ഹോട്ടലിൽ റെയ്ഡ് നടത്തി മൂന്നു പേരെക്കൂടി പോലീസ് പിടികൂടുകയായിരുന്നു. ഇവരിൽനിന്നു രണ്ടു കോടി രൂപ വിലമതിക്കുന്ന, രണ്ടായിരത്തിന്‍റെ 100 കെട്ട് നോട്ടുകൂടി കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

കള്ളനോട്ട് കൂടാതെ, ഒരു ലാപ്‌ടോപ്പ്, ഏഴ് മൊബൈൽ ഫോണുകൾ, 28,170 രൂപയുടെ യഥാർഥ കറൻസികൾ, ആധാർ, പാൻ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ സംഘത്തിൽ നിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *