ഏപ്രില്‍ മുതല്‍ കോഴിക്കോട് നിന്ന് മെമു സര്‍വീസ്

കോഴിക്കോട്:കോഴിക്കോട്ടേക്ക് മെമു സര്‍വീസ് അടുത്ത ഏപ്രിലോടെ എത്തുന്നു. അടുത്ത വര്‍ഷം കേരളത്തിലേക്ക് അനുവദിക്കുന്ന മെമു (മെയിന്‍ലൈന്‍ ഇലക്‌ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) റേക്കുകളില്‍ മലബാര്‍ മേഖലയ്ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം.നിലവിലെ പാസഞ്ചര്‍ ട്രെയിനുകള്‍ ഓരോന്നായി മാറ്റി പകരം ത്രീഫേസ് മെമു എത്തിക്കും. കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ ആകും ആദ്യം മെമുവിനു വഴിമാറുകയെന്നും അറിയുന്നു. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ വന്‍തിരക്കിന് ആശ്വാസമായി രാവിലെയും വൈകിട്ടും മെമു സര്‍വീസ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

കോഴിക്കോട്-മംഗളൂരു വൈദ്യുതീകരണം പൂര്‍ത്തിയായിട്ട് 2.5 വര്‍ഷമായെങ്കിലും ഇതുവരെ നടപടിയായിരുന്നില്ല. മംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കും ഇവിടെനിന്ന് തെക്കോട്ടും 3 മെമു സര്‍വീസുകള്‍ വേണമെന്ന് എംപിമാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. പാലക്കാട്ട് മെമു ഷെഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സര്‍വീസിന് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുങ്ങും. തെക്കന്‍ കേരളത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്കെല്ലാം പകരം മെമു ആക്കി വരികയാണ്.

തിരുവനന്തപുരം ഡിവിഷനില്‍ മൂന്നോ നാലോ ട്രെയിനുകള്‍ മാത്രമാണ് ഇനി മാറാനുള്ളത്. ഇക്കാരണത്താലാണ് ചെന്നൈയില്‍നിന്ന് അടുത്ത വര്‍ഷമെത്തുന്ന മെമു റേക്കുകളില്‍ ഭൂരിഭാഗവും മലബാറിന് അനുവദിക്കാനുള്ള തീരുമാനം പഴയ മെമുവിനെക്കാള്‍ സ്ഥലസൗകര്യവും സാങ്കേതിക സൗകര്യങ്ങളുമുള്ള ത്രീഫേസ് മെമു ആയിരിക്കും തുടക്കം മുതല്‍ ഇവിടേക്കെത്തുക.

8 കോച്ചുകളുള്ള ഒരു റേക്കില്‍ 614 യാത്രക്കാര്‍ക്ക് ഇരുന്നു യാത്രചെയ്യാന്‍ കഴിയും. 1788 പേര്‍ക്ക് നില്‍ക്കാന‍ുമാകും. മെമുവിലെ വനിതാ കോച്ചുകളില്‍ സിസിടിവി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരം കുറഞ്ഞ തെന്നിനീങ്ങുന്ന വാതിലുകളാണ് ഇവയ്ക്ക്.ജിപിഎസ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം ട്രെയിനുകളിലുണ്ടാകും. സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ ആണ് കോച്ചിന്‍റെ ബോഡിയുടെ നിര്‍മാണം. കുഷ്യന്‍ സീറ്റുകള്‍, ജൈവ ശുചിമുറികള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ കോച്ചുകളില്‍ ഒരുക്കിയിട്ടുണ്ട്.

അത്യാധുനിക ബ്രേക്കിങ് സംവിധാനം ഉപയോഗിച്ചിട്ടുള്ളതിനാല്‍ മറ്റു ട്രെയ‍ിനുകളെ അപേക്ഷിച്ച്‌ 35% കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കും. യാത്രക്കാര്‍ക്ക് എമര്‍ജന്‍സി സ്റ്റോപ്പ് ബട്ടണ്‍, സുഖകരമായ യാത്രയ്ക്ക് എയര്‍ സസ്പെന്‍ഷന്‍ സംവിധാനം എന്നിവയുമുണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *