ഏകീകൃത സിവില്‍കോഡ്: ജനങ്ങള്‍ക്കിടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍: എ.കെ.ആന്റണി

imagesരാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള തന്ത്രമാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. സാമുദായിക ധ്രുവീകരണം എന്ന ഒറ്റ ലക്ഷ്യമാണ് ബി.ജെ.പിക്കുള്ളത്. ഈ നീക്കം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് അനവസരത്തിലുള്ള ചര്‍ച്ച നിര്‍ത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.

നേരത്തെ, കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം ഇന്ത്യന്‍ ജനത ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത തകര്‍ക്കാനേ ഉപകരിക്കൂവെന്നും രാജ്യത്തിന്റെ മതനിരപേക്ഷതയും അഖണ്ഡതയും തകര്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമ മന്ത്രാലയം ലോ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും വലിയ ചര്‍ച്ചയായത്. അയോധ്യ ശ്രീരാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ്, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ എന്നീ വിവാദ അജന്‍ഡകളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യമായി ഏറ്റെടുക്കുന്ന വിഷയമാണ് ഏകീകൃത സിവില്‍ കോഡ്.

എന്നാല്‍ ഏകീകൃത സിവില്‍കോഡിനെ സ്വാഗതംചെയ്യുന്ന നിലപാടാണ് സിറോ മലബാര്‍ സഭയുടെത്. ആചാരപരമായ വൈവിധ്യങ്ങള്‍ സംരക്ഷിക്കണമെന്നും അഭിപ്രായസമന്വയം അനിവാര്യമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *