എസ്.ഐയുടെ തൊപ്പിവച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ സെല്‍ഫി; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച പ്രതി എസ്.ഐയുടെ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്ത സംഭവത്തില്‍ ഗ്രേഡ് എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അനില്‍ കുമാര്‍, പൊലിസുകാരായ വിനോദ്, ജയചന്ദ്രന്‍ എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി എന്‍.രാമചന്ദ്രന്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയതത്.


ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് ഡി.വൈ.എഫ്.ഐ നേതാവ് കുമരകം തൈപറമ്പില്‍ മിഥുന്‍ എസ്.ഐയുടെ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്തത്. കോട്ടയം ഡിവൈ.എസ്.പി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനിടെ സംഭവത്തിലൂടെ പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടാക്കിയ യുവനേതാവിനെ സി.പി.എം സസ്പെന്‍ഡ് ചെയ്തു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയും യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ -ഓര്‍ഡിനേറ്ററും കുമരകം കണ്ണാടിച്ചാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ മിഥുനെയാണ് (അമ്പിളി -23) സസ്പെന്‍ഡ് ചെയ്തത്.




Sharing is Caring