എഴുപതുകാരിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി തള്ളിയ നിലയില്‍

തനിച്ചുതാമസിച്ചിരുന്ന എഴുപതുകാരിയായ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി തള്ളിയനിലയില്‍ കണ്ടെത്തി. പുലാക്കോട് പരേതനായ ചന്ദ്രന്‍ എഴുത്തച്ഛന്റെ ഭാര്യ ഒടുവത്തൊടിയില്‍ കല്യാണിയാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

ബുധനാഴ്ച രാവിലെ പുലാക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യന്‍ കോവിലിന് സമീപത്തെ വീട്ടുപറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. കോവിലിലെ വിളക്കുകള്‍ കഴുകാനെത്തിയ തൊട്ടടുത്തുള്ള വീട്ടമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. നൂല്‍ചാക്കില്‍ നടുഭാഗം വളച്ചൊടിച്ച്‌ തിരുകിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം. കാലും കഴുത്തും ചേര്‍ത്തുപിടിച്ചുകെട്ടിയാണ് ചാക്കിലിറക്കിയിട്ടുള്ളത്. ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ലക്ഷണങ്ങളാണുള്ളത്.

വീട്ടില്‍നിന്ന് 150 മീറ്റര്‍ ദൂരം മാറിയാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. ചാക്കില്‍നിന്ന് കല്യാണിയുടെ മൊബൈല്‍ ഫോണും വീടിന്റെ താക്കോലും ലഭിച്ചു. ഇവരുടെ കഴുത്തിലും കൈയിലുമായി അഞ്ച് പവനോളം സ്വര്‍ണം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇവ കണ്ടെത്താനായിട്ടില്ല.

മൃതദേഹത്തിന്റെ കാലിന്റെ ഭാഗം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകെട്ടിയിരുന്നെങ്കിലും കാലുകള്‍ പുറത്തുകാണാമായിരുന്നു. ഇവയാണ് അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് ദിവസമായി കല്യാണിയെ കാണാനില്ലായിരുന്നു. സാധാരണ ഗുരുവായൂരിലേക്ക് പോകാറുള്ളതിനാല്‍ അവിടെ പോയതാകുമെന്നാണ് മക്കളും ബന്ധുക്കളും കരുതിയത്. ഒന്നിലധികംപേരുള്ള സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് കരുതുന്നു.

കല്യാണിയുടെ മൂത്തമകന്‍ ശിവദാസന്‍ എറണാകുളത്തും ഇളയമകന്‍ ശരവണന്‍ രണ്ട് കിലോമീറ്റര്‍ അകലെയുമാണ് താമസം. ഷൈല, സുഭദ്ര എന്നിവരാണ് മരുമക്കള്‍.

ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, കുന്നംകുളം ഡിവൈ.എസ്.പി. വിശ്വംഭരന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ഷംസുദ്ദീന്‍, സി.ഐ. റാഫി, എസ്.ഐ. മഹേന്ദ്രസിംഹന്‍, വടക്കാഞ്ചേരി സി.ഐ. സ്റ്റീഫന്‍, ചേലക്കര എസ്.ഐ. സിബീഷ്, ജൂനിയര്‍ എസ്.ഐ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം സ്ഥലത്തെത്തി. ശ്വാനസേന, വിരലടയാളവിദഗ്ധര്‍, ശാസ്ത്രീയ തെളിവുശേഖരണവിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. തൃശ്ശൂരില്‍നിന്നുള്ള ശ്വാനസേനയിലെ ഡോണ എന്ന നായ മണംപിടിച്ചശേഷം വീടുകള്‍ക്കിടയിലൂടെ നടന്ന് ഒടുവില്‍ കല്യാണിയുടെ വീട്ടിലെത്തിനിന്നു.

പരിശോധനയ്ക്കുശേഷം കല്യാണിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *