എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്‌

മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സ്വയം മാതൃക തീര്‍ത്ത് കേരളം ലോകനെറുകയില്‍ ഇടംപിടിക്കവെ, എല്‍ഡിഎഫ് സര്‍ക്കാര്‍ തിങ്കളാഴ്ച നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നു. പ്രഖ്യാപിച്ച ശേഷം ഉപേക്ഷിച്ച ഒറ്റ പദ്ധതിയുമില്ല എന്നതാണ് അഞ്ചാംവര്ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാരിന്റെ ഏറ്റവും വലിയ മുഖമുദ്ര. കോവിഡ് പശ്ചാത്തലത്തില്‍ വാര്‍ഷികാഘോഷം വേണ്ടെന്ന് വയ്ക്കുമ്ബോഴും സര്‍ക്കാരിന് എടുത്തുപറയാനുണ്ട് നേട്ടങ്ങളുടെ നീണ്ട പട്ടിക.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 2016 മെയ് 25ന് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നവകേരളത്തിനാണ് ശിലയിട്ടത്. പ്രളയവും നിപായും ദുരന്തങ്ങളും തിരിച്ചടിയായപ്പോള്‍ അതിജീവനത്തിന്റെ പുതിയ ചുവടുവയ്പോടെയാണ് അവയെ നേരിട്ടത്. പ്രളയാനന്തരം കേരളം പുനര്‍നിര്‍മിക്കുക എന്ന ബൃഹദ്ദൗത്യമാണ് ഏറ്റെടുത്തത്. പ്രകൃതിദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. അതിനുള്ള കര്‍മപദ്ധതിയില്‍ ശ്രദ്ധയൂന്നി മുന്നോട്ടുപോകുമ്ബോഴാണ് കോവിഡിന്റെ കടന്നുവരവ്. രാജ്യത്തെ ആദ്യ കോവിഡ് ബാധയുണ്ടായ സംസ്ഥാനമാണ് കേരളം. വെല്ലുവിളികള്‍ ഏറെ കടുത്തതാണെങ്കിലും കോവിഡിനെ നേരിടുന്ന കേരള ‘മോഡല്‍’ ലോകത്തെ വലിയ വാര്‍ത്തയാണ്.
ഭദ്രമായ ക്രമസമാധാനം, മികവ് തെളിയിച്ച്‌ ആരോഗ്യം, പൊതുവിദ്യാഭ്യാസ മേഖല, അഴിമതി ഏറ്റവുംകുറഞ്ഞ സംസ്ഥാനം, മികച്ച ഭരണനിര്‍വഹണം…. ഇങ്ങനെ എല്ലാ തലങ്ങളിലും കേരളം മുന്നേറിയ നാല് വര്‍ഷമാണ് കടന്നുപോകുന്നത്. നാല് വര്‍ഷത്തിനിടെ വര്‍ഗീയ സംഘര്‍ഷത്തിന് കേരളം വേദിയായില്ല. വികസനത്തിലും ജനക്ഷേമത്തിലും ചടുലവും ഭാവനാത്മകവുമായ നടപടികളാണ് നടപ്പാക്കിയത്. പ്രകടനപത്രികയിലെ 600 ഇനത്തില്‍ ചുരുക്കം ചിലത് മാത്രമാണ് ഇനി യാഥാര്‍ഥ്യമാകാനുള്ളത്. വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതി സംബന്ധിച്ച്‌ 2019 മെയില്‍ സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി. പറഞ്ഞതിലേറെ ചെയ്ത നിറവോടെയാണ് നാലാം വര്‍ഷത്തിലേക്ക് കടന്നത്. ചെറുകിട വ്യവസായംമുതല്‍ ദേശീയപാതവരെയുള്ളവയില്‍ കേരളം ഇതുവരെ കാണാത്ത വികസനവേഗം കൈവരിച്ചു.

നിതി ആയോഗിന്റെ ആരോഗ്യസൂചികയില്‍ വ്യവസായ വികസനത്തിലും സ്കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരപ്പട്ടികയിലും കേരളം ഒന്നാമതാണ്. കോവിഡാനന്തരകാലത്തെ അതിജീവനത്തിന്റെ പോര്‍മുഖം തുറന്നാണ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. സര്‍ക്കാര്‍ മുന്നിലുണ്ട് എന്നത് അന്വര്‍ഥമാക്കുന്ന നിലപാടോടെ ‘ഭക്ഷ്യസ്വയം പര്യാപ്തമായ നവകേരളം’ എന്ന ലക്ഷ്യത്തിലേക്കാണ് ഇനി പ്രയാണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *